തിരുവനന്തപുരം: സാമൂഹികരംഗത്തും സാമ്പത്തികരംഗത്തും രാജ്യത്തിന് മാതൃകയാകാൻ കേരളത്തിന്റെ അഭിമാനപദ്ധതിയായ വിഴിഞ്ഞം തുറമുഖം ഒരുങ്ങുന്നു. തിരുവനന്തപുരം വിഴിഞ്ഞത്ത് അറബിക്കടലിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നിർമാണം നടക്കുന്നത്. ഈ വർഷം തന്നെ തുറമുഖം കമ്മീഷൻ ചെയ്യാനുള്ള നടപടികൾ സ്വകാര്യ പങ്കാളിയായ അദാനി കമ്പനിയുമായി ചേർന്ന് സംസ്ഥാനസർക്കാർ കൈകൊണ്ടുവരികയാണ്. 10 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ പാതയുടെ സാമിപ്യം, തീരത്തുനിന്നും ഒരു നോട്ടിക്കൽ മൈൽ വരെ 24 മീറ്റർ സ്വാഭാവിക ആഴം എന്നിവ വിഴിഞ്ഞത്തിന്റെ സവിശേഷതകളാണ്. ഏറ്റവും വലിയ കപ്പലിനും എത്താൻ കഴിയുന്ന ആദ്യത്തെ രാജ്യാന്തര കണ്ടൈനർ ടെർമിനലാകും വിഴിഞ്ഞം.
മൺസൂൺ കാലത്തും തുറമുഖത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മുടങ്ങാതെ തുടരുന്നു. പുലിമുട്ടിന്റെ നിർമ്മിതിക്കായി ഏകദേശം 19 ലക്ഷം ടൺ പാറ കഴിഞ്ഞവർഷം സംഭരിക്കുകയും, 12,000-15,000 ടണ്ണിന് മുകളിൽ ഓരോ ദിവസവും പാറ കടലിൽ നിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ പുലിമുട്ടിന്റെ നീളം 1700 മീറ്റർ പിന്നിട്ടു. പുലിമുട്ട് ബലപ്പെടുത്തുന്നതിനുള്ള അക്രോപോഡുകളുടെ വിന്യാസവും നടന്നുവരുന്നു. പുലിമുട്ടിന്റെ നിർമ്മാണത്തോടൊപ്പം മറ്റു അനുബന്ധഘടകങ്ങളുടെ നിർമ്മാണവും പൂർത്തീകരിക്കുന്നു. പദ്ധതിക്കാവശ്യമായ ഭൂമി, ജലം, വൈദ്യുതി, അപ്രോച്ച് റോഡ്, റെയിൽ കണക്റ്റിവിറ്റി എന്നിവ തയാറായി വരുന്നു. പദ്ധതിക്കാവശ്യമായ 97% ഭൂമിയും ലഭ്യമാക്കിയിട്ടുണ്ട്. ബാക്കി ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. വൈദ്യുതി ലഭ്യമാക്കുന്നതിന് കരാർ കമ്പനി സബ്സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാക്കി, വൈദ്യുതി ബോർഡുമായി പവർ പർചേസ് എഗ്രിമെന്റിൽ ഏർപ്പെട്ടിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തേക്കുള്ള റെയിൽ കണക്റ്റിവിറ്റി പദ്ധതിക്കും, തുറമുഖത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനുള്ള ഔട്ടർ റിങ് റോഡ് പദ്ധതിക്കും കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ആയിരം കോടി മുതൽമുടക്കുള്ള റെയിൽ കണക്റ്റിവിറ്റി പദ്ധതി നാല് വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലയിലെ ഉൾപ്രദേശങ്ങളുടെ വ്യവസായ വികസനത്തിനും ഗതാഗതരംഗത്തെ പുരോഗതിയിലേക്കും ഔട്ടർ റിങ് റോഡ് പദ്ധതി അവസരമൊരുക്കും. അനെർട്ടുമായി ചേർന്ന് വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് ഒരു റിന്യൂവബൾ എനർജി പാർക്ക് സ്ഥാപിക്കുന്നതിന് വിശദമായ പ്രൊപോസൽ സർക്കാർ തയ്യാറാക്കിവരികയാണ്. തിരമാല, സൗരോർജം, കാറ്റ്, ജൈവമാലിന്യം തുടങ്ങിയ വിവിധ സ്രോതസ്സുകളെ പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉൽപാദനത്തിനായി വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് സർക്കാർ നടപ്പാക്കുന്നത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലും അവരുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് തയ്യാറാക്കുന്നതിനുമായി തിരുവനന്തപുരം റവന്യു ഡിവിഷണൽ ഓഫീസർ ചെയർമാനായി ഒരു ഉപജീവനാഘാത നിർണ്ണയ സമിതിയും, ഈ സമിതി തയ്യാറാക്കിയിട്ടുള്ള റിപ്പോർട്ടിന്മേലുള്ള അപ്പീൽ അപേക്ഷകൾ പരിഗണിച്ച് തീരുമാനമെടുക്കുന്നതിന് തിരുവനന്തപുരം ജില്ലാ കളക്ടർ ചെയർമാനായി ഒരു അപ്പീൽ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഇവരുടെ ശുപാർശകളെല്ലാം സർക്കാർ അംഗീകരിച്ചു നടപ്പാക്കിയിട്ടുണ്ട്. ചിപ്പി/ലോബ്സ്റ്റർ, കരമടി മത്സ്യബന്ധന വിഭാഗത്തിൽ പെട്ടവർക്കും, റിസോർട്ട് തോഴിലാളികൾക്കും, സ്വയം സഹായ സംഘങ്ങളിലെ ഗുണഭോക്താക്കൾക്കും നഷ്ടപരിഹാരം നൽകുകയും, നിർമ്മാണ കാലയളവിൽ പദ്ധതി പ്രദേശം ചുറ്റി പോകേണ്ടതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മണ്ണെണ്ണ മത്സ്യഫെഡ് വഴി വിതരണം ചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട ഏകദേശം 100 കോടി രൂപയുടെ നഷ്ടപരിഹാര പാക്കേജ് സംസ്ഥാന സർക്കാർ നടപ്പാക്കിക്കഴിഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാക്കാനിടയുള്ള പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി. രാജ്യത്തെ കണ്ടൈനർ ട്രാൻഷിപ്മെന്റിന്റെ വാതായനമായി വിഴിഞ്ഞം മാറുകയും, ഇപ്പോൾ ദുബായ്, സിംഗപ്പൂർ, കൊളംബോ, സലാല എന്നീ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയിലെ കണ്ടൈനർ വ്യവസായം, വിഴിഞ്ഞം പദ്ധതിയിലൂടെ കേരളത്തെ ആശ്രയിച്ചു തുടങ്ങുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാത്രമല്ല സംസ്ഥാനത്തെ സർവീസ് മേഖലകളിൽ പ്രത്യേകിച്ച് ടൂറിസം, വാണിജ്യം, ഗതാഗതം തുടങ്ങിയ രംഗങ്ങളിൽ വൻ പുരോഗതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ ഉണ്ടാകാൻ പോകുന്നത്. പദ്ധതി നടപ്പിലായാൽ ഭാരതത്തിലെ മറ്റു തുറമുഖങ്ങളിലേക്കുള്ള കണ്ടൈനറുകൾ വിഴിഞ്ഞത്തെത്തും. ഇവിടെ നിന്ന് ഇവ രാജ്യത്തെ മറ്റ് തുറമുഖങ്ങളിലേക്ക് നീക്കുവാനും കഴിയും. ഇത് ഭാരതത്തിലെ മറ്റ് തുറമുഖങ്ങളുടെ വളർച്ചക്കും കാരണമാകും.
ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ക്രൂയിസ് ടൂറിസത്തിന്റെ വളർച്ചക്കും വിഴിഞ്ഞം വിപുലമായ സാധ്യത തുറക്കുന്നുണ്ട്. ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം വിഴിഞ്ഞം കൂടുതൽ ശോഭനമാക്കും. വിഴിഞ്ഞത്തെ ഒരു മാസ്റ്റർ തുറമുഖമായി കണ്ട് സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ ഈ ശൃംഖലയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുവാനും ചെറുകിട തുറമുഖങ്ങളോടനുബന്ധിച്ചു പുതിയ വ്യവസായങ്ങൾ വികസിപ്പിക്കുവാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.