പാലക്കാട്: ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എസ്.കെ ശ്രീനിവാസനെ കടയിൽ വെച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇദ്ദേഹത്തെ കൊല്ലാനെത്തിയത് ആറുപേരായിരുന്നു. മൂന്ന് പേരിറങ്ങി ശ്രീനിവാസനെ വെട്ടുകയും പിന്നാലെ ബൈക്കുകളിൽ തന്നെ സംഘം തിരിച്ച് പോകുകയുമായിരുന്നു.
ഇന്നുച്ചയ്ക്ക് ഒരു മണിയോടെ രണ്ട് ബൈക്കുകളിലും ഒരു സ്കൂട്ടറിലുമായി എത്തിയ അക്രമിസംഘം, ശ്രീനിവാസന്റെ എസ്കെഎസ് ഓട്ടോഴ്സ് എന്ന കടയിൽ കയറി ആക്രമിക്കുകയായിരുന്നു.ഗുരുതര പരിക്കുകളോടെ പ്രദേശവാസികളാണ് ശ്രീനിവാസനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. നേരെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാൻ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അവിടെയുള്ളതിനാൽ പാലക്കാട് നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആരോപിച്ചു.പൊലീസ് എസ്ഡിപിഐക്ക് അഴിഞ്ഞാടാനുള്ള അവസരമൊരുക്കി കൊടുക്കുകയാണെന്നും ബിജെപി നേതാക്കൾ പറയുന്നു
പ്രതികളുടെ വാഹനങ്ങളുടെ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇന്ന് ഇൻക്വിസ്റ്റ് പൂർത്തിയാക്കി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റും. നാളെയാണ് പോസ്റ്റ്മോർട്ടം നടക്കുക

















