അമ്പലത്തറ: ബൈക്കിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു. അമ്പലത്തറ പുതുക്കാട് കല്ല്യാണ മണ്ഡപത്തിന് സമീപം താമസിക്കുന്ന നിസാർ-ജിബിത ദമ്പതികളുടെ മകൻ സനദ് നയീം [20] ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച്ച രാത്രി പരുത്തികുഴിയിൽ നിന്നും ഈഞ്ചക്കൽ ബൈപാസിലൂടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. അതേദിശയിൽ സഞ്ചരിച്ച കാർ മുട്ടത്തറ ഭാഗത്ത് വച്ച് സനദ് സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട കാർ ഡിവൈഡർ ചാടിക്കടന്ന് മരത്തിലിടിച്ചാണ് നിന്നത്.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ സനദിനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്നയുടൻ കാറിലുണ്ടായിരുന്ന യുവാക്കൾ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിൻതുടർന്ന് പിടികൂടി പൊലീസിന് കൈമാറി. മദ്യലഹരിയിലായിരുന്ന യുവാക്കൾ അമിതവേഗതയിലായിരുന്നു വാഹനമോടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഫോർട്ട് പൊലീസ് കേസ് എടുത്ത് പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സഹോദരങ്ങൾ: മറിയം, നൂഹ.

















