പാലക്കാട്: പാലക്കാട് എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവം പകവീട്ടലാണെന്ന് സംശയിക്കുന്നതായി മലമ്പുഴ എം എൽ എയും മുതിർന്ന സിപിഎം നേതാവുമായ എ പ്രഭാകരൻ വ്യക്തമാക്കി. നാട്ടിലെ സമാധാനം തകർക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് മമ്പറത്ത് മുൻപ് നടന്ന കൊലപാതകവുമായി ഇപ്പോഴത്തെ കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
‘വിഷു ദിവസത്തിൽ ഇങ്ങിനെയൊരു അക്രമം നടന്നതിനെ ശക്തമായി അപലപിക്കുന്നു. അക്രമം വ്യാപിക്കാതിരിക്കാൻ മുൻകരുതലെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടും. പച്ചമനുഷ്യനെ വെട്ടിക്കൊലപ്പെടുത്തിയത് എന്ത് രാഷ്ട്രീയമാണ്? മുൻപ് ഒരു അക്രമം നടന്നതിന്റെ പകവീട്ടലാകാനാണ് സാധ്യത. തനിക്കിതേപ്പറ്റി കൃത്യമായി അറിയില്ല. പള്ളിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് അറിഞ്ഞത്. മമ്പറത്ത് വെച്ച് ഒരു അക്രമം നടന്നതിന്റെ പേരിലാണ് ഈ കൊലപാതകം എന്ന് സംശയിക്കുന്നു. അക്രമികൾ തേടുന്നയാളെ കിട്ടാതാവുമ്പോൾ കിട്ടുന്നവനെ കൊലപ്പെടുത്തുന്ന രീതിയാണ്. വളരെയേറെ മോശമാണ് ഇത്തരം അക്രമങ്ങളെന്നും സിപിഎം സംസ്ഥാന നേതാവ് കൂടിയായ എ പ്രഭാകരൻ വിമർശിക്കുകയും ചെയ്തു.

















