ലോകത്ത് വിവിധ കാലങ്ങളിലായി നിരവധി കടലുകളിൽ വർഷത്തിൽ ഒരിക്കലോ, ചില സീസണുകളിലോ കടൽ നിറയെ നീല പ്രകാശം കൊണ്ട് തിളങ്ങുന്ന ബയോലുമിനെസെൻസ്. പ്രതിഭാസം ഉണ്ടാകാറുണ്ട്. എന്നാൽ, പ്യൂർട്ടോ റിക്കോയിലെ ബയോലുമിനെസെൻസ് എപ്പോഴുമുള്ള കാഴ്ചയാണ്. കുറഞ്ഞ പ്രകാശമുള്ള പൂർണ്ണ ചന്ദ്രൻ ഇല്ലാത്ത രാത്രികളിൽ പ്യൂർട്ടോ റിക്കോ അത്ഭുതമായി മാറാറുണ്ട്.
പ്യൂർട്ടോ റിക്കോയിലെ ദ്വീപുകളിലൊന്നായ വിക്യൂസ് ദ്വീപിന്റെ തെക്കൻ തീരത്താണ് ഈ പ്രതിഭാസം കാണാൻ സാധിക്കുക. 2008-ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് ലോകത്തിലെ ഏറ്റവും തിളക്കമുള്ള ഇടമായി പ്യൂർട്ടോ റിക്കോയെ പ്രഖ്യാപിച്ചു. എന്നാൽ മരിയ കൊടുങ്കാറ്റ് ഈ തീരത്ത് വൻ നാശനഷ്ടങ്ങൾ സൃഷ്ടിക്കുകയും പൂർണമായും ഈ അത്ഭുത വെളിച്ചം അണയുകയും ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള സഞ്ചാരികളെ വളരെയധികം നിരാശരാക്കിയാണ് പ്യൂർട്ടോ റിക്കോ ഇരുട്ടിലേക്ക് മറഞ്ഞത്.
എന്നാൽ, അധികം വൈകാതെ തന്നെ പ്യൂർട്ടോ റിക്കോ പ്രകാശം വീണ്ടെടുത്തു. സൂക്ഷ്മജീവികള്‍ മൂലമാണ് ബയോലുമിനെസെൻസ് എന്ന പ്രതിഭാസമുണ്ടാകുന്നത്. ആഴക്കടലിൽ വസിക്കുന്ന ഫൈറ്റോപ്ലാങ്ക്ടണുകള്‍ എന്ന് പേരുള്ള ജല സസ്യങ്ങളാണ് ഈ നീലനിറത്തിന് കാരണം.സ്വയം പ്രതിരോധ സംവിധാനത്തിന്‍റെ ഭാഗമായാണ് ഇവ നീല നിറം പുറത്തു വിടുന്നത്.തിരമാലകള്‍ മൂലം സ്വാഭാവിക ജീവിതത്തിന് ശല്യം ഉണ്ടാകുമ്പോഴെല്ലാം ഇവ നീല വെളിച്ചം പുറപ്പെടുവിക്കുന്നു.