മസ്കത്ത്: കോവിഡ് ഭീതിയും നിയന്ത്രണങ്ങളുമില്ലാതെ ഒമാനിലെ മലയാളികളും ഇന്ന് വിഷു ആഘോഷിക്കും. രണ്ടുവർഷത്തെ ഇടവേളക്കുശേഷമാണ് നിയന്ത്രണങ്ങളില്ലാതെ വിഷുവെത്തുന്നത്. അതിനാൽ ഈ വർഷം പൊലിമ കൂടുതലാണ്. വിഷു വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ചയായത് ആഘോഷം വർധിപ്പിക്കും. അവധി ദിവസമായതിനാൽ ജോലിക്കുപോകുന്നവർക്കും വീട്ടിൽത്തന്നെ ആഘോഷങ്ങളിൽ പങ്കാളിയാകാൻ കഴിയും.
കുടുംബങ്ങളും ഒറ്റക്ക് താമസിക്കുന്നവരും പരമ്പരാഗത രീതിയിൽ തന്നെയാണ് വിഷു ആഘോഷിക്കുന്നത്. കണി കണ്ടുണരാൻ കണിവിഭവങ്ങൾ നിരന്നുകഴിഞ്ഞു. വിഷുസദ്യ വിഭവങ്ങൾ ഒരുക്കുന്നതിൻറെ തിരക്കിലാണ് കുടുംബങ്ങൾ.
പുതുവസ്ത്രങ്ങളുടുത്ത് കുട്ടികൾ വിഷുക്കൈനീട്ടത്തിനായി കാത്തിരിക്കും. നിരവധി കുടുംബങ്ങൾ ഒത്തുകൂടിയും കൂട്ടായ്മയായും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. വിഷുവിൻറെ ഭാഗമായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും നടക്കുന്നുണ്ട്.
വിഷുക്കണി വിഭവങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ നേരേത്ത എത്തിയിരുന്നു. കണിമാങ്ങയും വെള്ളരിയും കൊന്നയും അടക്കമുള്ള വിഷുവിഭവങ്ങൾ വാങ്ങാൻ വ്യാഴാഴ്ച വ്യാപാരസ്ഥാപനങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കേരളത്തിൽനിന്ന് വിഷുവിഭവങ്ങളെല്ലാം എത്തിക്കഴിഞ്ഞു. ഇന്നലെ കണിക്കൊന്നകൾ കൂടി എത്തിയതോടെ വിഷുവിഭവങ്ങൾ പൂർണതയിലായി. വിഷുക്കണിക്കായി കൊന്നകൾ ഒമാനിലെ കൊന്ന മരങ്ങളിൽനിന്ന് ശേഖരിക്കുന്നവരും നിരവധിയാണ്. സാധാരണയിൽനിന്ന് വ്യത്യസ്തമായി ഒമാനിലെ നിരവധി കൊന്നമരങ്ങൾ ഈവർഷം പൂത്തിരുന്നു. പലഭാഗത്തുമുള്ള കൊന്നമരങ്ങൾ വ്യാഴാഴ്ച ഉച്ചയോടെത്തന്നെ പൂവൊഴിഞ്ഞിരുന്നു. വിഷുവിൻറെ ഭാഗമായി റുസൈൽ, മവാല സെൻട്രൽ പച്ചക്കറി മാർക്കറ്റിലും വൻ തിരക്ക് അനുഭവപ്പെട്ടു.