മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിൽ ഈഡിസ് ഈജിപ്തി കൊതുകുകളുടെ വ്യാപനത്തിനെതിരെ കാമ്പയിൻ ശക്തിപ്പടുത്തി അധികൃതർ. ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് (ഡി.ജി.എച്ച്.എസ്) മസ്കത്ത് മുനിസിപ്പാലിറ്റിയുടെയും മറ്റ് ബന്ധപ്പെട്ട അധികാരികളുടെയും സഹകരണത്തോടെയാണ് കാമ്പയിനുകൾ പുരോഗമിക്കുന്നത്. ജനങ്ങളെ ബോധവത്കരിക്കുന്നതിൻറെ ഭാഗമായി ഗവർണറേറ്റിലെ വിവിധ ഗ്രാമങ്ങളിൽ ലഘുലേഖയും ബ്രോഷറുകളും വിതരണം ചെയ്തു. ഈഡിസ് ഈജിപ്തി കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങളെ കുറിച്ച് അന്വേഷിക്കാൻ ഫീൽഡ് ടീമുകളും രൂപവത്കരിച്ചിട്ടുണ്ട്. മസ്കത്ത്, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലായി നിലവിൽ 76ഓളം ഡെങ്കിപ്പനി കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 3500ലധികം വീടുകളിൽ കൊതുകുനാശിനി തളിച്ചു.
മാർച്ച് 27മുതൽ ഏപ്രിൽ ആറുവരെ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളിലാണ് ഇത്രയും വീടുകളിൽ കൊതുകുനാശിനി തളിച്ചത്. കൂടുതൽ മരുന്ന് തളിച്ചത് ബൗഷർ വിലായത്തിലെ ഗ്രൂബ്ര ഏരിയയിലാണ്. ‘ബി ദ ചേഞ്ച്’ എന്ന പ്രമേയത്തിൽ മാൾ ഓഫ് മസ്കത്തിൽ ദ്വിദിന പ്രദർശനവും നടന്നു. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകുകളെ കുറിച്ചുള്ള പ്രദർശനവും പ്രതിരോധ നടപടികളുമായിരുന്നു കാമ്പയിനിൽ വിശദീകരിച്ചിരുന്നത്.