തൃശൂർ: കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശി അപകടത്തിൽ മരിച്ച കേസിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവറെ പൊലീസ് ചോദ്യംചെയ്യുകയാണ്. തമിഴ്‌നാട് സ്വദേശി പരച്ചാമിയാണ് അപകടത്തിൽ മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ കുന്നംകുളം ജങ്ഷനിലായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന പരസ്വാമിയെ ഒരു പിക്കപ്പ് വാനാണ് ആദ്യം ഇടിച്ചത്. റോഡില്‍ വീണ പരസ്വാമിയുടെ ശരീരത്തിലൂടെ പിന്നാലെ എത്തിയ കെ-സ്വിഫ്റ്റ് ബസും കയറിയിറങ്ങുകയായിരുന്നു. ഉടനെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു.
റോഡിൽ വീണുകിടന്നയാളെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അപകടം ഉണ്ടായത് അറിഞ്ഞിരുന്നില്ലെന്നുമാണ് ഡ്രൈവർ പൊലീസിന് നൽകിയ മൊഴി. ബസ് നിർത്താതെ പോയത് അതിനാലാണെന്നും ഡ്രൈവർ വിശദീകരിക്കുന്നു.
കടയിൽ നിന്ന് ചായ കുടിച്ചതിന് ശേഷം റോഡ് മുറിച്ചുകടക്കവെയാണ് പരച്ചാമി അപകടത്തിൽപെട്ടത്. വേഗതയിൽ എത്തിയ ബസ് പരസ്വാമിയെ ഇടിക്കുകയായിരുന്നുവെന്ന തരത്തിലാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്. അപകടമുണ്ടാക്കിയ ബസ് നിർത്താതെ പോയെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തായത്.
അതേസമയം പരിക്ക് ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിച്ചാമിയുടെ ജീവൻ രക്ഷിക്കാനായില്ല.

















