കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം ചില സേവനങ്ങൾക്ക് ഫീസ് നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഗതാഗത വകുപ്പിെൻറയും താമസകാര്യ വകുപ്പിൻറെയും ഫീസ് നിരക്കുകളിൽ വർധന അഭ്യർഥിച്ചുള്ള മെമ്മോറാണ്ടം ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അസ്സബാഹിന് ഉടൻ സമർപ്പിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി.
സന്ദർശക വിസ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇക്കൂട്ടത്തിൽപെടും എന്നാണ് വിവരം. മെമ്മോറാണ്ടത്തിൽ പുതിയ ഫീസ് ഘടന ഉൾപ്പെടുത്തിയിട്ടില്ല. ഫീസ് വർധനക്ക് മന്ത്രി തത്ത്വത്തിൽ അംഗീകാരം നൽകിയാൽ പുതിയനിരക്ക് ഉൾപ്പെടുത്തി വിശദമായ നിർദേശം സമർപ്പിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ബജറ്റ് കമ്മിയും വരുമാനം കുറഞ്ഞതുമാണ് സർക്കാറിനെ ഫീസ് വർധനക്ക് പ്രേരിപ്പിക്കുന്നത്. ചില മന്ത്രാലയങ്ങളിൽ ഇതിനകം സേവനഫീസ് നിരക്ക് വർധന നടപ്പാക്കി. മറ്റു മന്ത്രാലയങ്ങളും ഇതിെൻറ ആലോചനയിലാണ്.
ചില സേവനങ്ങൾക്കുള്ള ഫീസ് വർധനയും സബ്സിഡി വെട്ടിച്ചുരുക്കലുമാണ് നിലവിലെ പ്രതികൂല സാഹചര്യം കൈകാര്യം ചെയ്യുന്നതിന് ആവശ്യമെന്നാണ് വിദഗ്ധോപദേശം. സബ്സിഡി ഇനത്തിലുള്ള ചെലവ് നിയന്ത്രണവും സർക്കാർ പരിഗണിക്കുന്നുണ്ട്. സ്വദേശികളുടെ ആനുകൂല്യങ്ങൾ കുറയുന്ന പരിഷ്കരണങ്ങളൊന്നും എം.പിമാർ അംഗീകരിക്കാനിടയില്ല. പ്രതിപക്ഷത്തിന് നിർണായക സ്വാധീനമുള്ള പാർലമെൻറിെൻറ എതിർപ്പ് മറികടന്ന് പരിഷ്കരണ നടപടികൾ നടപ്പാക്കുന്നത് സർക്കാറിനെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. അങ്ങനെ വന്നാൽ, പരിഷ്കരണത്തിെൻറ ഭാരം വിദേശികൾ വഹിക്കേണ്ടി വരും.