ബംഗളൂരു: കരാറുകാരനും ബി.ജെ.പി പ്രവർത്തകനുമായ ബെളഗാവി സ്വദേശി സന്തോഷ് പാട്ടീലിൻറെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തതിന് പിന്നാലെ കർണാടക ഗ്രാമീണ വികസന – പഞ്ചായത്തീരാജ് മന്ത്രി കെ.എസ്. ഈശ്വരപ്പ രാജി പ്രഖ്യാപിച്ചു. രാജിക്കത്ത് വെള്ളിയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്ക് കൈമാറും.
സന്തോഷിൻറെ ബന്ധു പ്രശാന്ത് പാട്ടീൽ നൽകിയ പരാതിയിൽ ആത്മഹത്യ പ്രേരണ കുറ്റം (ഐ.പി.സി 306 വകുപ്പ്) ചുമത്തിയാണ് ബി.ജെ.പി മന്ത്രിക്കും സഹായികളായ ബസവരാജു, രമേശ് എന്നിവർക്കുമെതിരെ ഉഡുപ്പി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കരാർ പ്രവൃത്തിക്ക് 40 ശതമാനം കമീഷൻ മന്ത്രിയും സഹായികളും ആവശ്യപ്പെട്ടതായി പരാതി ഉന്നയിച്ച സന്തോഷ് പാട്ടീലിനെ ചൊവ്വാഴ്ച രാവിലെ ഉഡുപ്പിയിലെ ഹോട്ടൽ മുറിയിൽ വിഷംകഴിച്ചു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന് ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണെന്ന് സൂചിപ്പിച്ചുള്ള സന്ദേശം സന്തോഷ് സുഹൃത്തിന് അയച്ചിരുന്നു.
ബെളഗാവി ഹിന്ദളഗ ഗ്രാമത്തിൽ പൂർത്തിയാക്കിയ കരാർ പ്രവൃത്തിയുടെ തുക 40 ശതമാനം കമീഷൻ നൽകാത്തതിൻറെ പേരിൽ അനുവദിച്ചില്ലെന്നാണ് മന്ത്രിക്കെതിരായ ആരോപണം. ഈശ്വരപ്പയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് നേതാക്കൾ രാജ്ഭവനിലെത്തി ഗവർണർ താവർചന്ദ് ഗഹ്ലോട്ടിനെ കണ്ടിരുന്നു.
















