രാജ്യം മാറി കൊണ്ടിരിക്കുന്ന അത്ഭുത ദ്വീപ്. ഫ്രാൻസിനും സ്പെയിനിനും ഇടയ്ക്കാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ബിദാസോവ എന്ന നദിയിലെ ജനവാസമില്ലാത്ത ഫെസന്റ് ദ്വീപിലാണ് രണ്ട് രാജ്യങ്ങളും ചേർന്ന് മാറിമാറി ഭരണം നടത്തുന്നത്. ആറ് മാസം ഫ്രാൻസിന്റെ ഭാഗവും ആറ് മാസം സ്പെയിനിന്റെ ഭാഗവുമാണ് ഈ രാജ്യം .
മുപ്പത് വർഷം നീണ്ട യുദ്ധത്തിന് ശേഷമാണ് ഫ്രാൻസും സ്പെയിനും ഉടമ്പടിയിൽ ഒപ്പ് വെച്ച് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. പെറീനീസ് ഉടമ്പടി എന്നാണ് ഇതിന്റെ പേര്. 1659 ലാണ് ഇരുരാജ്യങ്ങളും ഇങ്ങനെയൊരു ഉടമ്പടിയിൽ ഒപ്പുവെച്ചത്. അതിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ശിലാസ്തംഭം ഇന്നും ദ്വീപിലുണ്ട്. പണ്ട് കാലത്ത് സ്പാനിഷ്, ഫ്രഞ്ച് ഭരണാധികാരികളുടെ രാജകീയ വിവാഹ വേദിയായിരുന്നു ഇവിടം.
ജനവാസമില്ലാത്ത ഇവിടേക്ക് ചില പ്രത്യേക ദിവസങ്ങളിൽ മാത്രമേ സഞ്ചാരികൾക്ക് പ്രവേശിക്കാൻ കഴിയൂ. പിന്നെ ദ്വീപ് ശുചീകരണത്തിന് എത്തുന്ന മുനിസിപ്പൽ ഗവണ്മെന്റ് ജീവനക്കാർക്ക് ആണ് ഇങ്ങോട്ടേക്ക് പ്രവേശനമുള്ളത്. ആറ് മാസത്തിലൊരിക്കൽ ആണ് ശുചീകരണത്തിനായി ഇവർ എത്തുന്നത്. ഇവരെ കൂടാതെ സ്പെയിനിന്റെയും ഫ്രാൻസിന്റെയും നാവിക കമാന്റുകൾ ഓരോ അഞ്ചു ദിവസം കൂടുമ്പോഴും ഇവിടെ നിരീക്ഷണത്തിനെത്തും.എന്നാൽ വെള്ളത്തിനടിയിലേക്ക് മുങ്ങി കൊണ്ടിരിക്കുന്ന ഈ ദ്വീപിന് അതികം ആയുസ്സില്ല എന്നതാണ് മറ്റൊരു സത്യം.