പൂനെ: വെറും പതിനെട്ടാം വയസില്‍ തന്നെ ഇങ്ങനെയുണ്ടോ ബാറ്റുകൊണ്ട് ക്രീസില്‍ കൂസലില്ലാതെ പൊതിരെത്തല്ല്! കഴിഞ്ഞ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കണ്ടവര്‍ക്ക് ദക്ഷിണാഫ്രിക്കന്‍ കൗമാരതാരം ഡെവാൾഡ് ബ്രെവിസിന്റെ ബാറ്റിംഗ് പവര്‍ മറക്കാൻ സാധിക്കില്ല. സാക്ഷാല്‍ എബിഡിയെ ഓര്‍മ്മിപ്പിച്ച് മൈതാനത്തിന്റെ തലങ്ങുംവിലങ്ങും പന്ത് പറത്തുകയായിരുന്നു താരം. ഐപിഎല്ലില്‍ ബ്രെവിസിനെ മുംബൈ ഇന്ത്യന്‍സ് റാഞ്ചിയപ്പോഴും കണ്ടത് ഇതേ ബാറ്റിംഗ് പൂരം തന്നെ ആയിരിന്നു.
ഇക്കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെയും ക്രീസില്‍ നിറഞ്ഞാടി ഡെവാൾഡ് ബ്രെവിസ്. പഞ്ചാബ് സ്പിന്നര്‍ രാഹുല്‍ ചാഹറിനെ തുടര്‍ച്ചയായ നാല് സിക്സറുകള്‍ക്ക് പറത്തി ബ്രെവിസ്. ഇതിലൊരു പന്ത് പതിച്ചത് 112 മീറ്റര്‍ ദൂരെ. 4, 6, 6, 6, 6 എന്നിങ്ങനെയായിരുന്നു ഈ ഓവറില്‍ ബ്രെവിസിന്റെ ബ്രേവ് ഷോട്ടുകള്‍. എന്നാല്‍ ഒരു നിരാശയോടെയാണ് തന്റെ വെടിക്കെട്ട് ഡെവാൾഡ് ബ്രെവിസ് അവസാനിപ്പിച്ചത്. ഐപിഎല്ലില്‍ അര്‍ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ വിദേശ താരം എന്ന റെക്കോര്‍ഡ് താരത്തിന് തലനാരിഴയ്ക്ക് നഷ്ടമായി. 25 പന്തില്‍ നാല് ഫോറും അഞ്ച് സിക്സറും സഹിതം 49 റണ്‍സെടുത്ത താരം അര്‍ഷ്ദീപിന്റെ പന്തില്‍ ഒഡീന്‍ സ്മിത്തിന്റെ ക്യാച്ചില്‍ അവസാനിക്കുകയും ചെയ്തു.