ബദിയടുക്ക: സ്‌കൂട്ടറിൽ കടത്തിയ 1300 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക കോളാരിയിലെ അബ്ദുൽ റിയാസിനെയാണ് (32) അറസ്റ്റ് ചെയ്തത്. ബദിയടുക്ക എസ്.ഐ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പൈക്ക അർളടുക്കയിൽനിന്നാണ് പുകയില ഉൽപന്നങ്ങളുമായി ഇയാളെ പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന വേഷം മാറിയെത്തി സ്‌കൂട്ടർ പരിശോധിക്കുകയും പുകയില ഉൽപന്നങ്ങൾ കണ്ടെടുക്കുകയുമായിരുന്നു. പുകയില ഉൽപന്നങ്ങൾ സ്‌കൂട്ടറിനടിയിൽ ചാക്കിൽ കെട്ടിയ നിലയിലും സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലുമായിരുന്നു. സിവിൽ പൊലീസ് ഓഫിസർ അരുൺ, ജില്ല പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ നിജിൻ, റിജീഷ് എന്നിവരും എസ്.ഐക്കൊപ്പമുണ്ടായിരുന്നു.
















