ദുബൈ: ഭക്ഷ്യവില വർധിപ്പിക്കുന്നതിന് പുതിയ നയവുമായി യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രാലയം. പാൽ, പഞ്ചസാര, ഉപ്പ്, അരി പോലുള്ള അടിസ്ഥാന ഉപയോഗ വസ്തുക്കളുടെ വിലവർധന തടയാൻ ലക്ഷ്യമിട്ടാണ് മന്ത്രാലയം പുതിയ നയം പുറത്തിറക്കിയത്. മന്ത്രാലയത്തിൻറെ അനുമതിയോടെ മാത്രമേ വില വർധിപ്പിക്കാവൂ എന്നതാണ് രാജ്യത്തെ നിയമം. പുതുക്കിയ നയം അനുസരിച്ച് വസ്തുക്കളെ രണ്ട് വിഭാഗമായി തിരിച്ചിട്ടുണ്ട്. വില വർധിപ്പിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങേണ്ടവ, അനുമതി ആവശ്യമില്ലാത്തവ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.
മുൻകൂർ അനുമതി ആവശ്യമുള്ളവ
ആദ്യ വിഭാഗത്തിൽ ഉൾപ്പെട്ട ഉൽപന്നങ്ങളുടെ വില വർധിപ്പിക്കണമെങ്കിൽ വിതരണക്കാർക്ക് മന്ത്രാലയത്തിൻറെ മുൻകൂർ അനുമതി വേണം. മന്ത്രാലയത്തിൻറെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. എന്താണ് വിലവർധനവിൻറെ കാരണമെന്ന് വ്യക്തമായി ബോധിപ്പിക്കാൻ കഴിയണം. ചെലവ് വർധിച്ചതാണ് കാരണമെങ്കിൽ എന്തുകൊണ്ട് ചെലവ് വർധിച്ചുവെന്നും എത്ര വർധനവുണ്ടായെന്നും വ്യക്തമാക്കണം. മുട്ട, പാൽ, ഫ്രഷ് ചിക്കൻ, ബ്രെഡ്, അരി, ഉപ്പ്, ധാന്യം, പയർ വർഗങ്ങൾ, പാചക എണ്ണ, മിനറൽ വാട്ടർ ഉൾപ്പെടെ 11,000 വസ്തുക്കളാണ് ഈ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മുൻകൂർ അനുമതി ആവശ്യമില്ലാത്തവ
ചില ഉൽപന്നങ്ങളുടെ വില മുൻകൂർ അനുമതി തേടാതെ വർധിപ്പിക്കാം. സുലഭമായി ലഭിക്കുന്നവ, മത്സര ക്ഷമത, ധാരാളം വിതരണക്കാർ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ ഉൽപന്നങ്ങൾ തിരഞ്ഞെടുത്തത്. ചോക്ലറ്റ്, മധുരപലഹാരം, ചില ചീസ് ഉൽപന്നങ്ങൾ, ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ, ജ്യൂസ്, ഐസ് ക്രീം, ചായ, കോഫി, ഗോതമ്പ്, ഓട്സ്, പൊട്ടറ്റോ ചിപ്സ്, ചില ബിസ്കറ്റുകൾ, ശുചീകരണ വസ്തുക്കൾ, ടൂൾസ് തുടങ്ങിയവ ഈ പട്ടികയിലുണ്ട്. ഒരുപാട് സ്ഥാപനങ്ങൾ ഇതുപോലുള്ള നിരവധി ഉൽപന്നങ്ങൾ പുറത്തിറക്കുന്നതിനാൽ വൻ വിലക്കയറ്റമുണ്ടാകില്ലെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് മുൻകൂർ അനുമതി വാങ്ങേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത്.