മനാമ: ബഹ്റൈനിൽ ആശുപത്രിയിൽ കയറി ഡോക്ടറുടെ ബാഗ് മോഷ്ടിച്ച യുവാക്കൾക്ക് മൂന്ന് വർഷം ജയിൽ ശിക്ഷ. 35ഉം 40ഉം വയസ് പ്രായമുള്ള സഹോദരങ്ങൾക്കാണ് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ഇവർ ഓരോരുത്തർക്കും 1000 ദിനാർ വീതം പിഴയും ചുമത്തിയിട്ടുണ്ട്.
സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ചായിരുന്നു കേസിന് ആധാരമായ സംഭവം നടന്നത്. മെഡിക്കൽ പരിശോധനകളുടെ റിസൾട്ടുകൾ വാങ്ങാനായി ആശുപത്രിയിലെത്തിയ ഇരുവരും അവിടെ നിന്ന് ഒരു ഡോക്ടറുടെ ബാഗിലെ സാധനങ്ങൾ അപഹരിക്കുകയായിരുന്നു. 25 ദിനാറും എംടിഎം കാർഡുകളും ഡ്രൈവിങ് ലൈസൻസും ഡോക്ടറുടെയും കുടുംബാംഗങ്ങളുടെയും കാർഡുകളും ഇവർ മോഷ്ടിച്ചു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടത്തിയവരെ കണ്ടെത്തിയത്. മോഷ്ടിച്ച ഒരു എടിഎം കാർഡ് ഉപയോഗിച്ച് ഇവർ പണം പിൻവലിക്കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പിന്നീട് ഇരുവരും അറസ്റ്റിലായി. നടപടികൾ പൂർത്തിയാക്കി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.