പുനെ: ഐപിഎല്ലിൽ ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങുമ്പോള്‍ പ്രധാന ശ്രദ്ധാകേന്ദ്രം രോഹിത് ശര്‍മ്മ. ഫോമില്ലായ്മയില്‍ ബുദ്ധിമുട്ടുകയാണെങ്കിലും പഞ്ചാബ് കിംഗ്സിനെതിരെ ഇറങ്ങുമ്പോൾ മുംബൈ നായകൻ രോഹിത്തിനെ കാത്ത് ഒരു റെക്കോർഡുണ്ട്. 25 റൺസ് കൂടി നേടിയാൽ ട്വന്റി 20യിൽ 10,000 റൺസ് ക്ലബിലെത്താം ഹിറ്റ്മാന്. വിരാട് കോലിക്ക് ശേഷം നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമാകും ഇതോടെ രോഹിത് ശർമ.
കഴിഞ്ഞ 12 ഇന്നിംഗ്സിലും രോഹിത്തിന് അർധ സെഞ്ചുറിയിലെത്താനായിട്ടില്ല. 2011ൽ മുംബൈയിലെത്തിയ ശേഷം രോഹിത്തിന്റെ രണ്ടാമത്തെ മോശം പ്രകടനമാണ് ഇത്. പഞ്ചാബ് കിംഗ്സിനെതിരെ മുംബൈയെ രോഹിത് ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് നയിക്കും എന്നാണ് മുംബൈ ആരാധകർ അർപ്പിക്കുന്ന പ്രതീക്ഷ.
രാത്രി ഏഴരയ്ക്ക് പുനെയിലാണ് മുംബൈ ഇന്ത്യന്‍സ്-പഞ്ചാബ് കിംഗ്സ് മത്സരം. അഞ്ച് വട്ടം ചാമ്പ്യന്മാരെങ്കിലും പോയിന്റ് ടേബിളിൽ ഇത്തവണ അക്കൗണ്ട് തുറക്കാനായിട്ടില്ല മുംബൈക്ക്. വിജയവഴിയിൽ തിരിച്ചെത്താൻ പൊരുതുന്ന പഞ്ചാബിനും മത്സരം പ്രധാനമാണിന്ന്.