നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് വിജയ് കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് നിര്‍മ്മിച്ച ചിത്രം ഒരു മുഴുനീള എന്റര്‍ടൈനറാണ് ചിത്രം.വിജയ് സിനിമകളുടെ സ്ഥിരം ശൈലിയായ നായകന്റെ രക്ഷക വേഷത്തില്‍ നിന്നും ബീസ്റ്റിനും വലിയ വ്യത്യാസമൊന്നും കാണാന്‍ കഴിയുന്നില്ലെങ്കിലും സംവിധായകന്റെ ശൈലിക്കൊപ്പം തന്റെ പ്രകടനം മാറ്റുന്നതിനായി ബീസ്റ്റിലൂടെ വിജയ് ശ്രമിച്ചിട്ടുണ്ട്.
വീരരാഘവന് എന്ന മുന്‍ റോ ഏജന്റിന്റെ വേഷത്തിലാണ് വിജയ് ബീസ്റ്റില്‍ പ്രത്യക്ഷപ്പെടുന്നത്. മുന്‍ സിനിമകളിലെ പോലെ സമാനമായ ലുക്കില്‍ തന്നെയാണ് ബീസ്റ്റിലും വിജയ് എത്തുന്നത്. ചെന്നൈ നഗരത്തിലെ ഒരു ഷോപ്പിങ് മാള്‍ തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നതും അവിടെ ബന്ദികളാക്കപ്പെടുന്ന ജനങ്ങള്‍ക്കിടയില്‍ നായകന് വീരരാഘവന് യാദൃശ്ചികമായി അകപ്പെടുന്നതും തീവ്രവാദികളില്‍ നിന്ന് ജനങ്ങളെ അതിസാഹസികമായി നായകന് മോചിപ്പിക്കുന്നതുമാണ് സിനിമയുടെ ഉള്ളടക്കം.
കഥയില്‍ പുതുമയൊന്നും കാണാനാകില്ലെന്നും രണ്ടര മണിക്കൂര്‍ സമയം പ്രേക്ഷകനെ എന്റര്‍ടൈന്‍ ചെയ്യിക്കാനുള്ള ഘടകങ്ങള്‍ സംവിധായകന് സിനിമയില്‍ ഒരുക്കിയിട്ടുണ്ട്. അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും മാസ് ഡയലോഗ് കൊണ്ടും വിജയ് കൈയ്യടി നേടുന്നുണ്ടെങ്കിലും കോമഡി സീനുകളില്‍ വിജയുടെ പ്രകടനം മികച്ചതല്ല എന്ന് പറയേണ്ടിവരും. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും സിനിമയില്‍ വന്നു പോകുന്നുണ്ടെങ്കിലും എടുത്ത് പറയാന്‍ കഴിയുന്ന പ്രകടനമായി തോന്നിയില്ല.
രാഷ്ട്രീയം പറയുന്ന പതിവ് വിജയ് സിനിമകളില്‍ നിന്നും വിഭിന്നമല്ല ബീസ്റ്റും. തീവ്രവാദവും അധികാര രാഷ്ട്രീയവും ഉപയോഗിച്ച് ഭരണം നേടുന്ന രാഷ്ട്രീയക്കാരെ വിമര്‍ശിക്കുന്നതിനും ബീസ്റ്റില്‍ വിജയ് ഇടം കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ കണ്ട വിജയ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്താന്‍ നായകനും അണിയറ പ്രവര്‍ത്തകരും ശ്രമിക്കുന്നുണ്ടെങ്കിലും പൂര്‍ണമായും ബീസ്റ്റ് വിജയിച്ചെന്ന് പറയാന്‍ കഴിയില്ല.