പുനെ: ഐപിഎല്ലിൽ ആദ്യ ജയത്തിനായി മുംബൈ ഇന്ത്യൻസ് ഇന്ന് ഇറങ്ങും. പഞ്ചാബ് കിംഗ്സാണ്എതിരാളികൾ. രാത്രി ഏഴരയ്ക്ക് പുനെയിലാണ് മത്സരം. അഞ്ച് വട്ടം ചാമ്പ്യന്മാരെങ്കിലും പോയിന്റ് ടേബിളിൽ ഇത്തവണ അക്കൗണ്ട് തുറക്കാനായിട്ടില്ല മുംബൈക്ക്. വിജയവഴിയിൽ തിരിച്ചെത്താൻ പൊരുതുന്ന പഞ്ചാബിനും മത്സരം പ്രധാനമാണിത്.
തുടക്കം മോശമായ നിലയിൽ നിന്ന് കിരീടത്തിലേക്ക് എത്തിയ മുന്‍ ചരിത്രത്തിലാണ് മുംബൈ ആരാധകരുടെ പ്രതീക്ഷ. എന്നാൽ ഒരു തോൽവി കൂടി രോഹിത്തിനും സംഘത്തിനും താങ്ങാനാവില്ല. ബാറ്റിംഗിലും ബൗളിംഗിലും മുംബൈ നിരയിൽ സ്ഥിരതയില്ലായ്മ പ്രകടം. നായകൻ രോഹിത്തിന്റെ മോശം ഫോമാണ് ടീമിന്റെ പ്രധാന തലവേദന. ഇഷാൻ കിഷനും സൂര്യകുമാർ യാദവും ക്രീസിലുറച്ചാൽ വമ്പൻ സ്കോറിലെത്താം. മികവിലേക്കുയരുന്ന തിലക് വർമയിലും ഡെവാൾഡ് ബ്രൂയിസിലും പ്രതീക്ഷയേറെ. പഞ്ചാബിനെതിരെ മികച്ച റെക്കോർഡുള്ള കീറോണ്‍ പൊള്ളാർഡിനും കൂടുതൽ ഉത്തരവാദിത്തമുണ്ട്. ബൗളിങ്ങിൽ ജസ്പ്രീത് ബുമ്ര പഴയ ഫോമിന്റെ നിഴലിൽ മാത്രമെന്നത് തിരിച്ചടി ആകുന്നു.