ദോഹ: കോവിഡ് ഭീതിയകന്നതിനു പിന്നാലെ, കഴിഞ്ഞ മാസങ്ങളിൽ ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവുണ്ടായതായി കണക്കുകൾ. കഴിഞ്ഞ മൂന്നു മാസവും 100 കോടി റിയാലിന് മുകളിൽ റിയൽ എസ്റ്റേറ്റ് വ്യാപാരം നടന്നതായി നീതിന്യായ മന്ത്രാലയത്തിൻറെ കണക്കുകൾ പറയുന്നു. കോവിഡ് കാരണം കഴിഞ്ഞ രണ്ടുവർഷവും ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയിലും വലിയ ഇടിവുണ്ടായിരുന്നു. ഉണർവു നേടി തിരിച്ചുവരുന്നതിനിടെ, കഴിഞ്ഞ വർഷാവസാനം ഒമിക്രോൺ കൂടിവന്നതോടെ മന്ദഗതിയിലായി. അവിടെനിന്നാണ് പുതുവർഷത്തിൽ മൂന്നുമാസം പിന്നിടുമ്പോൾ റിയൽ എസ്റ്റേറ്റ് വ്യാപാരം ശക്തിപ്രാപിക്കുന്നത്. ഫെബ്രുവരിയിലാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ കൂടുതൽ ഇടപാടുകൾ നടന്നത്.
170 കോടി ഖത്തർ റിയാൽ അതായത്, 3500 കോടി ഇന്ത്യൻ രൂപയുടെ കരാറുകൾ ഇക്കാലത്ത് ഒപ്പുവെച്ചതായി നീതിന്യായ മന്ത്രാലയത്തിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരിയിൽ 160 കോടി റിയാലിൻറെയും മാർച്ചിൽ 130 കോടി റിയാലിൻറെയും ഇടപാടുകളാണ് നടന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും 25 ബില്യൺ റിയാലിൻറെ ഇടപാടുകളാണ് 2021ൽ നടന്നത്. തൊട്ടുമുമ്പത്തെ വർഷത്തെക്കാൾ അഞ്ചു ശതമാനം കൂടുതലായിരുന്നു ഇത്. ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് നവംബർ 21ന് കിക്കോഫ് മുഴങ്ങാനിരിക്കെ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ കുതിപ്പാണ് ഖത്തർ പ്രതീക്ഷിക്കുന്നത്.