മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലു തോല്‍വിക്കൊടുവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വമ്പന്‍ ജയം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 23 റണ്‍സിന് കീഴടക്കി ചെന്നൈ ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി.
ശിവം ദുബെയുടെയും റോബിന് ഉത്തപ്പയുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്ത ചെന്നൈക്ക് മറുപടിയായി ബാംഗ്ലൂരിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ചെന്നൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 216 റണ്‍സെടുത്തത്. 46 പന്തില്‍ 95 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശിവം ദുബെ ആണ് ചെന്നൈയുടെ ടോപ് സ്കോറര്‍. റോബിന് ഉത്തപ്പ 50 പന്തില്‍ 88 റണ്‍സടിച്ചു. നാലാം വിക്കറ്റില്‍ ഉത്തപ്പ-ദുബെ സഖ്യം 155 റണ്‍സടിച്ചതാണ് ചെന്നൈയ്ക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലൂറിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ബാംഗ്ലൂരിനായി 41 റൺസെടുത്ത ഷഹബാസ് അഹമ്മദും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദിനേശ് കാര്‍ത്തിക്കും പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ദിനേശ് കാര്‍ത്തിക്ക് 14 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത് പുറത്തായി.
നാലോവറില്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് പിഴുത സ്പിന്നര്‍ മഹേഷ് തീക്ഷ്ണയാണ് ബാഗ്ലൂരിനെ കറക്കി വീഴ്ത്തിയത്. ക്യാപ്റ്റന്‍ രവീന്ദര്‍ ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി.