ദോഹ: വാഹനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഏഷ്യൻ വംശജനായ യുവാവ് അറസ്റ്റിൽ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിർത്തിയിട്ട കാറുകൾ ഉൾപ്പെടയുള്ള വാഹനങ്ങളിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം നടത്തിയ ആളെയാണ് ആഭ്യന്തര മന്ത്രാലയത്തിൻറെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റു ചെയ്തത്.
വാഹനങ്ങളിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നതായി നിരവധി പരാതികൾ ലഭിച്ചതോടെ അധികൃതർ പ്രത്യേക സംഘം രൂപവത്കരിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തിയ സംഘം അറസ്റ്റ് ചെയ്ത് തുടർ നടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. ഇയാളിൽ നിന്നു മോഷണ വസ്തുക്കളും കണ്ടെത്തി.
ശരിയായ രീതിയിൽ ഡോറുകൾ ലോക്ക് ചെയ്യാത്ത കാറുകളിൽ മോഷണം നടത്തുന്നതാണ് പതിവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. നിർത്തിയിടുന്ന കാറുകളിൽ വിലപിടിപ്പുള്ള വസ്തുക്കൾ പുറമെ നിന്ന് കാണുന്ന നിലയിൽ സൂക്ഷിക്കരുതെന്നും ഡോറുകൾ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ വാഹനം പാർക്ക് ചെയ്യരുതെന്നും നിർദേശിച്ചു.