ദോഹ: ഖത്തറിൽ (Qatar) കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികൾ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 247 പേർ കൂടി ചൊവ്വാഴ്ച പിടിയിലായതായി അധികൃതർ അറിയിച്ചു. ഇവരിൽ 241 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് അധികൃതർ പിടികൂടിയത്.
മൊബൈലിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇല്ലാതിരുന്നതിന് ആറുപേരെയും അധികൃതർ പിടികൂടി. പിടിയിലായ എല്ലാവരെയും തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഖത്തറിൽ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.
ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. എല്ലാ പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പർ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തിൽ അധികൃതർ പിടികൂടി തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
















