അടിമാലി: മകൻറെ ആസിഡ് ആക്രമണത്തിൽ ഗുരുതര പൊള്ളലേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. വാളറ പഴമ്പിള്ളിച്ചാൽ പടിയറ വീട്ടിൽ ചന്ദ്രസേനനാണ് (60) തിങ്കളാഴ്ച പുലർച്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
മാർച്ച് 20ന് രാത്രി വീട്ടിൽവെച്ച് മകൻ വിനീതാണ് (32) ചന്ദ്രസേനനെ ദേഹത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപിച്ചത്. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. മദ്യലഹരിയിൽ എത്തിയ വിനീത് പിതാവുമായി സ്വത്ത് സംബന്ധിച്ച് വാക്തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് പ്രകോപിതനായി ആസിഡ് ഒഴിക്കുകയുമായിരുന്നു. മുഖത്തും ശരീരത്തും പൊള്ളലേറ്റ നിലയിലാണ് ചന്ദ്രസേനനെ ആശുപത്രിയിൽ എത്തിച്ചത്. അടിമാലി പൊലീസ് അറസ്റ്റ് ചെയ്ത വിനീത് ദേവികുളം സബ് ജയിലിൽ റിമാൻഡിലാണ്. ചന്ദ്രസേനൻറെ ഭാര്യ: കനകവല്ലി. മകൾ: ജ്യോതിഷ.
















