അൽഐൻ: പുത്തൻ യൂനിഫോം അണിഞ്ഞ് പുതിയ പുസ്തകങ്ങളും ബാഗുമായി പുതിയ അധ്യയന വർഷത്തിൻറെ ആദ്യദിനം വിദ്യാർഥികൾ ക്ലാസ്മുറികളിലെത്തി. അബൂദബി എമിറേറ്റിലെ സ്കൂളുകളിൽ രണ്ടുവർഷത്തിന് ശേഷമാണ് മുഴുവൻ വിദ്യാർഥികളും ഒരുമിച്ച് ക്ലാസുകളിൽ എത്തുന്നത്. ഇതിൻറെ സന്തോഷം സ്കൂൾ അധികൃതരും അധ്യാപകരും വിദ്യാർഥികളും പങ്കുവെച്ചു. കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ഓൺലൈൻ പഠനരീതി ഈ അധ്യയന വർഷം മുതൽ പൂർണമായും നിർത്തലാക്കി. നേരത്തെ ഓൺലൈൻ, ഓഫ്ലൈൻ പഠനരീതികൾ തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അനുവാദമുണ്ടായിരുന്നു. വിദ്യാർഥികളെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പും നടത്തിയത്. വിദ്യാലയങ്ങളിൽ പ്രവേശനോത്സവംതന്നെ സംഘടിപ്പിച്ചിരുന്നു.
സ്കൂൾ വളപ്പുകളും ക്ലാസ്മുറികളും തോരണങ്ങൾകൊണ്ടും ബലൂണുകൾകൊണ്ടും അലങ്കരിച്ചിരുന്നു. മാസ്ക് ധരിച്ചും കൃത്യമായ അകലം പാലിച്ചും വിദ്യാർഥികൾ ക്ലാസ്മുറികളിലിരുന്നു. മൂന്നാഴ്ചയോളം വരുന്ന വസന്തകാല അവധിക്ക് ശേഷമാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്. നൂറുകണക്കിന് വിദ്യാർഥികൾ ആദ്യാക്ഷരം നുകർന്നു. യു.എ.ഇ അടക്കം വിവിധ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ വരുത്തിയതോടെ സ്വദേശത്തുനിന്നും കുടുംബങ്ങളെ യു.എ.ഇയിലേക്ക് കൊണ്ടുവരുന്നവർ നിരവധിയാണ്. അതിനാൽതന്നെ വിവിധ സ്കൂളുകളിൽ ഈ വർഷം പ്രവേശനത്തിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സ്കൂളുകളുടെ പ്രവർത്തനം പൂർവസ്ഥിതിയിലായിട്ടുണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ഈ അധ്യയന വർഷത്തിലും അബൂദബിയിൽ വിദ്യാലയങ്ങളിൽ പൂർണമായും നേരിട്ടുള്ള പഠനം തുടങ്ങിയത്.