ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വ്യവസായി നീരവ് മോദിയുടെ സഹായി സുഭാഷ് ശങ്കറിനെ സിബിഐ അറസ്റ്റ് ചെയ്തു. ഈജിപ്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ബാങ്ക് തട്ടിപ്പ് നടത്തി നീരവ് മോദി വിദേശത്തേക്ക് കടന്നത് വൻവിവാദമായിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുൽ ചോക്‌സിയും. 2018 ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു.
നീരവ് മോദിയുടെ പേരിൽ ലണ്ടനിലും ഗൾഫ് രാജ്യങ്ങളിലുമുള്ള ഫ്‌ളാറ്റുകൾ അടക്കം, 326.99 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിച്ചു. മുംബൈയിലെ പ്രത്യേക കോടതിയുടെ അനുമതി നേടിയ ശേഷമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.
















