അഹമ്മദാബാദ്: ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ ഹിമ്മത് നഗറിൽ വീണ്ടും വർഗീയ സംഘർഷം നടന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി വൻസരവാസ് പ്രദേശത്താണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. വർഗീയ സംഘർഷത്തിന് കാരണക്കാരായ നാല് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് കൂട്ടിച്ചേർത്തു.
സംഘർഷത്തെക്കുറിച്ച് അറിഞ്ഞയുടൻ ഞങ്ങൾ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായും പ്രദേശത്ത് തീയിടാൻ ശ്രമിച്ച നാലുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തുന്നതായി ജില്ലാ കളക്ടർ അറിയിച്ചു.
നേരത്തെ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായതിനെത്തുടർന്ന് ഗുജറാത്തിലെ ഖംഭാത് നഗരത്തിലും ഹിമ്മത്‌നഗരിലും രണ്ട് സമുദായങ്ങൾ തമ്മിൽ വർഗീയ സംഘർഷമുണ്ടായിരുന്നു. ഖംഭാത് നഗരത്തിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തെ നിരവധി കടകൾ അക്രമികൾ അഗ്നിക്കിരയാക്കിയിരുന്നു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും എസ്.പി അറിയിച്ചിരുന്നു.
















