മുംബൈ: ഐ.പി.എല്ലിൽ ഗുജറാത്ത് സൂപ്പർ ടൈറ്റൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. ഗുജറാത്ത് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 5 ബോളും 8 വിക്കറ്റും ബാക്കിയാക്കി ഹൈദരാബാദ് മറികടന്നു. തുടർച്ചയായ മൂന്ന് മത്സരങ്ങൾ വിജയിച്ച ഗുജറാത്തിന്റെ സീസണിലെ ആദ്യ തോൽവിയാണിത്.
ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ അർധസെഞ്ച്വറിയുടെ ബലത്തിലാണ് ഹൈദരാബാദ് അനായാസ ജയം നേടിയത്. 46 പന്തിൽ നിന്ന് 57 റൺസെടുത്ത വില്യംസൺ തന്നെയാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്കോറർ.
ഗുജറാത്തിനായി ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും റാഷിദ് ഖാനും ഒരു വിക്കറ്റ് വീതം നേടി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. ഹാർദിക് 42 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്നു. നാലു ഫോറും ഒരു സിക്സും സഹിതമാണ് ഹാർദിക് 50 റൺസെടുത്തത്. ഐപിഎലിൽ ഹാർദിക് പാണ്ഡ്യയുടെ ഏറ്റവും വേഗം കുറഞ്ഞ അർധസെഞ്ചുറിയാണിത്.
ഗുജറാത്തിനായി ഇന്നിങ്സ് ഓപ്പൺ ചെയ്ത മാത്യു വേഡിനും ശുഭ്മാൻ ഗില്ലിനും കാര്യമായി ഒന്നും ചെയ്യാനായില്ല.
സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി ഭുവനേശ്വർ കരുമാർ നടരാജൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാർക്കോ ജാൻസനും ഉമ്രാൻ മാലിക്കും ഓരോ വിക്കറ്റ് വീഴ്ത്തി.