ന്യൂഡൽഹി: 2019 ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരനുമായ അമ്മാർ അൽവി എന്ന മൊഹിയുദ്ദീൻ ഔറംഗസേബ് ആലംഗീറിനെ കേന്ദ്രസർക്കാർ ഭീകരനായി പ്രഖ്യാപിച്ചു. പാകിസ്താനിലെ പഞ്ചാബ് ബഹവൽപൂർ നിവാസിയായ അമ്മാർ ആൽവി ജെയ്ഷെ മുഹമ്മദിന്റെ മുതിർന്ന നേതാവാണ്.
ജെയ്ഷെ മുഹമ്മദിനു വേണ്ടി ഇന്ത്യാ വിരുദ്ധ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നയാളാണ് അൽവി എന്ന മൊഹിയുദ്ദീൻ ഔറംഗസേബ് ആലംഗീർ. ഇയാൾ പാകിസ്ഥാൻ പൗരന്മാരിൽ നിന്ന് ജെയ്ഷെയ്‌ക്ക് വേണ്ടി ഫണ്ട് ശേഖരിക്കുകയും ഈ ഫണ്ട് കശ്മീരിൽ ഭീകരപ്രവർത്തനത്തിന് വിനിയോഗിക്കുകയും ചെയ്തു. അഫ്ഗാൻ ഭീകരരുടെ നുഴഞ്ഞുകയറ്റം സുഗമമാക്കുന്നതിലും ജമ്മു കശ്മീരിൽ ഇന്ത്യൻ സുരക്ഷാ സേനയ്‌ക്കെതിരായ ഭീകരാക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിലും അൽവിക്ക് പങ്കുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അമ്മാർ ആൽവി, സഹോദരങ്ങളായ മൗലാന മസൂദ് അസ്ഹർ, അബ്ദുൾ റൗഫ് അസ്ഗർ എന്നിവർക്കെതിരെ 2020 ഓഗസ്റ്റിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
















