ജിദ്ദ: ചെറിയ വാഹന അപകടങ്ങൾക്കുള്ള റിമോട്ട് സേവനത്തിന്റെ ആദ്യഘട്ടം ട്രാഫിക് വകുപ്പ് ആരംഭിച്ചു. നജ്മ് ഇൻഷുറൻസ് സേവന കമ്പനിയുമായി സഹകരിച്ചാണ് പുതിയ സേവനം ഇന്ന് മുതൽ ആരംഭിച്ചിരിക്കുന്നത്. സേവനത്തിൽ നിന്ന് പ്രയോജനം നേടുന്നതിന് അപകടത്തിൽ പെട്ട കക്ഷികളിൽ കക്ഷികളിൽ ഒരാൾക്ക് ഇൻഷുറൻസ് ആവശ്യമാണ്. പരിക്കുകളോ മരണങ്ങളോ ഇല്ലാതിരിക്കുകയും അപകടസ്ഥലം നജ്മിന്റെ സ്പേഷ്യൽ പരിധിക്കുള്ളിലുമായിരിക്കണമെന്നും ജനറൽ ട്രാഫിക് വകുപ്പ് വ്യക്തമാക്കി.
അപകടങ്ങളുടെ ഫലമായുള്ള ട്രാഫിക്ക് കുരുക്കൊഴിവാക്കാൻ സഹായിക്കുന്ന സേവനം പ്രത്യേക നജ്‌മ് ആപ്ലിക്കേഷൻ വഴിയാണ് നൽകുന്നത്. ഈ സംരംഭത്തിലൂടെ ഏത് സൈറ്റിൽ നിന്നും ഏത് സമയത്തും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ആശയവിനിമയത്തിനും സ്വയം സേവനങ്ങൾ പൂർത്തിയാക്കുന്നതിനുമുള്ള ഒരു പ്രാഥമിക ചാനലായി നജ്മ് ആപ്ലിക്കേഷൻ മാറും.
അപകടാനന്തര സേവനങ്ങൾ സുഗമമാക്കുന്നതിനും ട്രാഫിക് അപകടമുണ്ടായാൽ റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും ഇത് സഹായിക്കും. സൈബർ സുരക്ഷയുടെ ഉയർന്ന തലങ്ങൾ ഉറപ്പാക്കിക്കൊണ്ട്, ഏറ്റവും പുതിയ സാങ്കേതികവിദ്യകൾക്കും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സേവനങ്ങൾക്കുമൊപ്പം അപകടങ്ങളിൽ പെടുന്നവർക്ക് വേഗത്തിൽ മറുപടി നൽകുക എന്ന നിലവാരത്തിലേക്ക് ഉയരാനുമാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.