ഇസ്ലാമാബാദ്: ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാക്കിസ്ഥാൻ നിയുക്ത പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷഹ്ബാസ് ചർച്ചയ്ക്കും ക്ഷണിച്ചു.
കാഷ്മീർ വിഷയത്തിലാണ് ചർച്ചയ്ക്ക് ഷഹ്ബാസ് മോദിയെ ക്ഷണിച്ചിരിക്കുന്നത്. സമാധാനപരമായി കാഷ്മീർ പ്രശ്നം പരിഹരിക്കണം. എല്ലാ അന്താരാഷ്ട്ര വേദികളിലും കാഷ്മീർ വിഷയം ഉന്നയിക്കുമെന്നും ഷഹ്ബാസ് പറഞ്ഞു. ദാരിദ്ര്യം ഇല്ലാതാക്കാനായി ഒരുമിച്ച് നിന്ന് പോരാടാമെന്നും ഷഹബാസ് ഷെരീഫ് വ്യക്തമാക്കി.
ഇന്ത്യയുമായുള്ള നമ്മുടെ ബന്ധം നല്ല രീതിയിൽ മാറാത്തത് ഖേദകരമാണ്. നവാസ് ഷരീഫ് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തിയിരുന്നു. നിയമസഭയിൽ നവാസ് ഷരീഫ് കാഷ്മീരിന് വേണ്ടി ശബ്ദമുയർത്തിയെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ച വേണമെന്ന് പാകിസ്താൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബാജ്വ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. പാകിസ്താനിലെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാകിസ്താനിൽ മാറ്റം കൊണ്ടുവരുമെന്നും ദേശീയ അസംബ്ലി പാകിസ്താനെ രക്ഷിച്ചെന്നും ഷഹബാസ് ഷെരീഫ് പ്രതികരിച്ചിരുന്നു.
പിഎംഎല്‍ (എന്‍) വിഭാഗം നേതാവായ ഷഹബാസ് ഷെരീഫ് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താന്‍ മുസ്‌ലിം ലീഗ് -നവാസ് (പിഎംഎല്‍(എന്‍) അധ്യക്ഷനുമാണ്.
















