മനാമ: റമദാൻനാളുകളിലെ കൗതുകമുണർത്തുന്ന ആചാരങ്ങളും പാരമ്പര്യങ്ങളും ഏറെയാണ്. അതിലൊന്നാണ് നോമ്പുതറ സമയം അറിയിക്കുന്ന ഇഫ്താർ പീരങ്കി. ക്ലോക്കുകളും സാങ്കേതികവിദ്യയും കണ്ടുപിടിക്കുന്നതിനു മുമ്പ് ഉടലെടുത്ത ഈ പാരമ്പര്യം ഇന്നും മുടക്കമില്ലാതെ തുടരുകയാണ്. ബഹ്റൈനു പുറമേ മറ്റ് അറബ് രാജ്യങ്ങളിലും ഇഫ്താർ പീരങ്കിയുടെ മുഴക്കം കേൾക്കാം.
ആദ്യകാല ഇസ്ലാമിക കാലഘട്ടത്തിൽനിന്ന് പിറവിയെടുത്ത ഈ ആചാരം ഇന്ന് ഒട്ടേറെ പേരെ ആകർഷിക്കുന്ന ഒരു കൗതുകമാണ്. ‘മദ്ഫ അൽ ഇഫ്താർ’ എന്നറിയപ്പെടുന്ന ഇഫ്താർ പീരങ്കി നോമ്പുതുറക്കാനുള്ള സമയമാണെന്ന് ആളുകളെ അറിയിക്കാൻ ദിവസം ഉപയോഗിക്കുന്നു. എ.ഡി 865ൽ റമദാനിന്റെ ആദ്യ ദിവസം സൂര്യാസ്തമയ സമയത്ത്, മംലൂക്ക് സുൽത്താൻ ഖോഷ് ഖദം തനിക്ക് ലഭിച്ച ഒരു പുതിയ പീരങ്കി പരീക്ഷിക്കാൻ ആഗ്രഹിച്ചതിൽനിന്നാണ് ഈ പാരമ്പര്യത്തിന്റെ തുടക്കമെന്ന് ചില ഗവേഷകർ പറയുന്നു. യാദൃച്ഛികമെന്നു പറയട്ടെ, മഗ്രിബ് നമസ്കാരസമയത്താണ് ആദ്യമായി വെടിയുതിർത്തത്.
ഈ ശബ്ദം നോമ്പ് തുറക്കുന്നതിന്റെ സൂചനയാണെന്ന് വിശ്വസിച്ച പ്രദേശവാസികൾ പുതിയ രീതിയെ സ്വാഗതംചെയ്തു. തുടർന്ന് റമദാനിലെ എല്ലാ ദിവസവും പീരങ്കിവെടി മുഴക്കുന്നത് പതിവായി. ഈ സമ്പ്രദായം പിന്നീട് എല്ലാ അറബ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയും റമദാനിന്റെ പ്രധാന ഭാഗമായി മാറുകയും ചെയ്തു.