ദോഹ: ഫിഫ ലോകകപ്പ് ഫുട്ബാളിനായുള്ള ഖത്തറിൻറെ ആതിഥേയത്വത്തെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ പൊതുസഭ. പൊതുസഭ സർവ സമ്മതത്തോടെ അവതരിപ്പിച്ച ‘ദി 2022 വേൾഡ് കപ്പ് ഓർഗനൈസ്ഡ് ബൈ ഫിഫ ഇൻ ഖത്തർ’ എന്ന തലക്കെട്ടിലുള്ള പ്രമേയത്തിലാണ് ഖത്തറിൻറെ ആതിഥേയത്വത്തെ സ്വാഗതം ചെയ്തത്.
സ്പോർട്സ് സമാധാനത്തിനും വികസനത്തിനും എന്ന ബാനറിൽ, കായിക വളർച്ചയിലൂടെ ലോകസമാധാനവും വികസനവും എന്ന ചർച്ചയിലായിരുന്നു 106 രാജ്യങ്ങളുടെ പിന്തുണയോടെ ഖത്തർ പ്രമേയം അവതരിപ്പിച്ചത്.
സമാധാനവും പുരോഗതിയും മനുഷ്യാവകാശങ്ങളെ മാനിക്കലും ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും ഉയർത്തിപ്പിടിക്കുന്നതിൽ കായികമേഖലക്ക് വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ഫിഫ, ലോകാരോഗ്യ സംഘടന, ഖത്തർ എന്നിവരുടെ സംയുക്ത സഹകരണത്താൽ ആരംഭിച്ച ആരോഗ്യകരമായ ലോകകപ്പിനായുള്ള ദീർഘകാലാടിസ്ഥാനത്തിലെ സഹകരണ പങ്കാളിത്തത്തിന് പൊതുസഭ പിന്തുണ പ്രഖ്യാപിച്ചു. മേഖലയുടെ വളർച്ചക്കും സമാധാനത്തിനും വേണ്ടി ലോകകപ്പിന്റെ ശേഷിപ്പുകൾ നിലനിർത്തുന്നതിന് ബന്ധപ്പെട്ട അതോറിറ്റികളും ഏജൻസികളും പരമാവധി പരിശ്രമിക്കണമെന്ന് ജനറൽ അസംബ്ലി ആവശ്യപ്പെട്ടു. ആതിഥേയ സമൂഹത്തിനായി സുസ്ഥിരതയിലൂന്നിയുള്ള സംഘാടനം ഉറപ്പു വരുത്തണമെന്നും വിശിഷ്യാ സാമ്പത്തിക ചെലവ്, പരിസ്ഥിതി-സാമൂഹിക ആഘാതം, അടിസ്ഥാന സൗകര്യങ്ങളുടെ ഉചിതമായ ഉപയോഗം തുടങ്ങിയവയിൽ ഊന്നിയായിരിക്കണമിതെന്നും പൊതുസഭയുടെ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.