മസ്കത്ത്: ഒമാനിൽ മാർബിൾ ക്വാറിയിൽ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കും. ഇബ്രിയിൽ മാർച്ച് 27ന് ഉണ്ടായ അപകടത്തിൽ 14 പേരാണ് മരണപ്പെട്ടത്. ഇവരിൽ മൂന്ന് പേർ ഇന്ത്യക്കാരും 11 പേർ പാകിസ്ഥാനികളുമാണ്.
ദാഹിറ ഗവർണറേറ്റിൽ ഉൾപ്പെടുന്ന ഇബ്റിയിലെ അൽ ആരിദിൽ പ്രവർത്തിച്ചിരുന്ന മാർബിൾ ക്വാറിയിലാണ് അപകടമുണ്ടായത്. ഈ സമയത്ത് ഇവിടെ 55 പേർ ജോലി ചെയ്തിരുന്നു. ഒരാഴ്ചയോളം നീണ്ട തെരച്ചിലിന് ശേഷമാണ് മൃതദേഹങ്ങളെല്ലാം കണ്ടെടുക്കാനായത്. മരണപ്പെട്ട മൂന്ന് ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള എൻ.ഒ.സി നൽകിയിട്ടുണ്ടെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
നടപടികൾ പൂർത്തിയാക്കാൻ ഒമാൻ അധികൃതരുമായും മരണപ്പെട്ടവർ ജോലി ചെയ്തിരുന്ന കമ്പനി അധികൃതരുമായും എംബസി സഹകരിച്ച് പ്രവർത്തിക്കുകയാണ്. അപകടം നടന്നതായി വിവരം ലഭിച്ച ഉടൻ തന്നെ എംബസിയിലെ സാമൂഹിക പ്രവർത്തകർ സ്ഥലത്ത് എത്തിയിരുന്നെന്നും അധികൃതർ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ക്വാറി ഉടമസ്ഥരായ ‘ഇന്റർനാഷണൽ മാർബിൾ കമ്പനി’ ജനറൽ മാനേജർ അറിയിച്ചു.