ഡൽഹി: ഇന്നലെ നടന്ന ജെഎൻയു സംഘർഷത്തിൽ എബിവിപി പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തു . ജെഎൻയു വിദ്യാർത്ഥി യൂണിയനും ഇടതു വിദ്യാർത്ഥി സംഘടനകളും നൽകിയ പരാതിയിലാണ് ഡൽഹി പൊലീസ് കേസ് എടുത്തിരിക്കുന്നത്. സംഘർഷത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് വിദ്യാർത്ഥി യൂണിയൻ. ഇന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തും.
മാംസഹാരം വിളമ്പുന്നതിനെ ചൊല്ലിയാണ് ജെഎൻയുവിൽ സംഘർഷം ഉടലെടുത്തത്. കല്ലേറിൽ പെൺകുട്ടികൾ ഉൾപ്പെടെ 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഞായറാഴ്ച ഹോസ്റ്റലുകളിൽ മാംസഹാരം വിളമ്പുന്നത് ഒരു കൂട്ടം വിദ്യാർഥികൾ തടയുകയായിരുന്നു. രാമനവമി ചൂണ്ടിക്കാട്ടിയാണ് മാംസഹാരം വിളമ്പുന്നത് തടഞ്ഞത്. ഇതിനെ മറ്റ് വിദ്യാർഥികൾ ചോദ്യം ചെയ്തതോടെ സംഘർഷം ആരംഭിച്ചത്. അക്രമത്തിന് പിന്നിൽ എബിവിപി പ്രവർത്തകരാണെന്ന് ഇടത് വിദ്യാർഥി സംഘടനകൾ ആരോപണം ഉയർത്തുന്നു.
















