യുദ്ധവും അസ്ഥിരതയും മൂലം ജന്മനാട് ഉപേക്ഷിച്ച് ഇറാനിലെത്തിയ അഫ്ഗാൻ ജനതക്ക് നേരെ ക്രൂരമായ പീഡനം ഇറാൻ സൈന്യം നടത്തുന്നതായി റിപ്പോർട്ട്. അഫ്ഗാൻ അഭയാർത്ഥികളെ “പീഡിപ്പിക്കുന്നതിൽ” ആശങ്ക പ്രകടിപ്പിച്ച, മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ഇത് “നഗ്നമായ മനുഷ്യാവകാശ ലംഘനം” ആണെന്ന് വ്യക്തമാക്കി.
റേഡിയോ ഫ്രീ അഫ്ഗാനിസ്ഥാനുമായുള്ള സംഭാഷണത്തിൽ, ദക്ഷിണേഷ്യയിലെ ആംനസ്റ്റി ഇന്റർനാഷണൽ പ്രവർത്തക സമീറ ഹമീദി ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയതായി ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ അതിർത്തി സൈന്യം അഫ്ഗാൻ അഭയാർഥികളെ അതിർത്തികളിൽ തോക്കുകളുപയോഗിച്ച് തങ്ങളുടെ താല്പര്യങ്ങൾക്ക് നിർബന്ധിക്കുകയും അവരുടെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യുന്നുവെന്ന് അവർ പറയുന്നു.
“ഇറാൻ അതിർത്തി സൈന്യം (ബോർഡർ ഫോഴ്സ്) അഫ്ഗാൻ അഭയാർത്ഥികളെ പീഡിപ്പിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി വിശ്വസനീയമായ ഉറവിടങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് അഫ്ഗാനികളോട് ഇറാനികളുടെ വിവേചനപരവും അക്രമപരവും ഞെട്ടിപ്പിക്കുന്നതുമായ പ്രവൃത്തികൾ കാണിക്കുന്ന ദൃശ്യങ്ങൾ നഗ്നമായ മനുഷ്യാവകാശ ലംഘനമാണ്,” സമീറ ഹമീദി വ്യക്തമാക്കുന്നു.
വിസ നീട്ടലും പേയ്മെന്റ് സംവിധാനവും സംബന്ധിച്ചും അഫ്ഗാനികൾ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇറാനിലെ അഫ്ഗാൻ അഭയാർഥികളുടെ പ്രശ്നം പരിഹരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുന്നതായി
സമീറ ഹമീദി കൂട്ടിച്ചേർത്തു.
നേരത്തെ, അയൽരാജ്യമായ ഇറാനിൽ അഫ്ഗാൻ അഭയാർത്ഥികൾ എങ്ങനെ “പീഡിപ്പിക്കപ്പെടുന്നു” എന്ന് കാണിക്കുന്ന ഒരു വൈറൽ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചിരുന്നു. അഫ്ഗാൻ അഭയാർത്ഥികളെ പൊതുസ്ഥലത്ത് പീഡിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്ന വീഡിയോയാണ് പ്രചരിച്ചത്.
എന്നാൽ, പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന റിപ്പോർട്ടുകൾ കാബൂളിലെ ഇറാൻ എംബസി നിഷേധിച്ച് പത്രക്കുറിപ്പ് ഇറക്കി. അഫ്ഗാനിസ്ഥാനുമായുള്ള ഇറാന്റെ ഉഭയകക്ഷി ബന്ധം തകർക്കാനുള്ള ഗൂഢാലോചനയാണ് ഇത്തരം റിപ്പോർട്ട് ഇന്ന് എംബസി അറിയിച്ചു.
കൂടാതെ, ഇറാനിലെ അഫ്ഗാൻ അഭയാർത്ഥികളുടെ സ്ഥിതിയെക്കുറിച്ച് ചർച്ച ചെയ്യാൻ കാബൂളിലെ ഇറാൻ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരെയും താലിബാൻ വിളിച്ചുവരുത്തിയതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
എന്നിരുന്നാലും, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആളുകളുടെ കുടിയേറ്റം ഒഴിവാക്കാൻ താലിബാൻ അനുകൂലമായ അന്തരീക്ഷം ഒരുക്കണമെന്ന് ഇറാൻ എംബസിയുടെ പ്രസ് കൗൺസിലർ പറഞ്ഞു.
ഏകദേശം ഏഴ് മുതൽ എട്ട് ദശലക്ഷം അഫ്ഗാൻ പൗരന്മാർ താലിബാൻ ഭരണത്തിൽ വീർപ്പുമുട്ടി ഇറാനിലേക്ക് ഇപ്പോൾ കുടിയേറിയിട്ടുണ്ട്. അഫ്ഗാനികൾ ഇറാനിലേക്ക് പോകാതിരിക്കാനും അവർക്ക് അവിടെ തന്നെ ജീവിക്കാനും വേണ്ട പരിസ്ഥിതി അഫ്ഗാൻ ഗവൺമെന്റ് ഒരുക്കണമെന്നും ഇറാൻ എംബസിയുടെ പ്രസ് കൗൺസിലർ സയ്യിദ് അബാസ് ബദ്രിഫർ പറഞ്ഞതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, താലിബാൻ ഭരണം ഏറ്റെടുത്തതിനുശേഷം, അഫ്ഗാനിസ്ഥാനിലെ ജനത കൂട്ട പലായനം നടത്തുക മാത്രമല്ല ചെയ്യുന്നത്. പലരും നിയമവിരുദ്ധമായി നിംറോസ് പ്രവിശ്യയിലൂടെ ഇറാനിലേക്കും തുർക്കിയിലേക്കും കടക്കുന്നുണ്ട്. പലായനം നടത്തി വരുന്നവരെ ഇറാൻ സ്വീകരിക്കുന്നുണ്ടെങ്കിലും നിയമവിരുദ്ധമായി വരുന്നവർക്ക് നേരെ നടപടിയും സ്വീകരിക്കുന്നുണ്ട്. ഇത്തരത്തിൽ അതിർത്തി ലംഘിച്ചെത്തിയ 100 ഓളം പേരെ ഇറാൻ സേന കൊലപ്പെടുത്തുകയും മറ്റുള്ളവരെ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തുകയും ചെയ്തിട്ടുണ്ട്.