മുംബൈ: അവസാന ഓവര്‍ വരെ ആവേശം നിറച്ച മത്സരത്തില്‍ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ റോയൽസിന് മൂന്നു റൺസിന്റെ തകർപ്പൻ ജയം. രാജസ്ഥാൻ ഉയര്‍ത്തിയ 165 റൺസ് പിന്തുടര്ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗവിന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.
അവസാന ഓവറിൽ വിജയത്തിലേക്ക് 15 റൺസ് വേണ്ടിയിരിക്കെ അവസാന രണ്ടു പന്തുകളിൽ ഫോറും സിക്സും നേടിയ മാർക്കസ് സ്റ്റോയ്നിസിന് ലക്നൗവിനെ വിജയത്തിലെത്തിക്കാനായില്ല. ഓവറിലെ ആദ്യ പന്തിൽ സിംഗിൾ വഴങ്ങിയ കുൽദീപ് സെൻ, തുടർന്നുള്ള മൂന്നു പന്തുകളിൽ സ്റ്റോയ്നിസിനെ ക്രീസിൽ തളച്ചിട്ടതാണ് മത്സരഫലം രാജസ്ഥാന് അനുകൂലമാക്കിയത്.
39 റൺസെടുത്ത ഓപ്പണർ ക്വിന്റൻ ഡികോക്കാണ് ലക്നൗവിന്റെ ടോപ് സ്കോറർ. ദീപക് ഹൂഡ 24 പന്തിൽ മൂന്നു ഫോർ സഹിതം 25 റൺസെടുത്തു. 15 പന്തിൽ രണ്ടു ഫോറുകളോടെ 22 റൺസെടുത്ത ക്രുണാൽ പാണ്ഡ്യയുടെ പ്രകടനവും ശ്രദ്ധേയമായി.
രാജസ്ഥാനായി യുസ്വേന്ദ്ര ചെഹൽ നാല് ഓവറിൽ 41 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുതു. ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. പ്രസിദ്ധ് കൃഷ്ണ നാല് ഓവറിൽ 35 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍സ് തുടക്കത്തിലെ തകര്‍ച്ച മറികടന്ന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തിരുന്നു.
അര്‍ധ സെഞ്ചുറി നേടിയ ഷിംറോണ്‍ ഹെറ്റ്മയറാണ് റോയല്‍സിന്റെ ടോപ് സ്കോറര്‍. 36 പന്തുകള്‍ നേരിട്ട ഹെറ്റ്മയര്‍ ആറ് സിക്സും ഒരു ഫോറുമടക്കം 59 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ഹെറ്റ്മയര്‍ നടത്തിയ വെടിക്കെട്ടാണ് റോയല്‍സിനെ 150 കടത്തിയത്. ഒരു ഘട്ടത്തില്‍ നാലിന് 67 റണ്‍സെന്ന നിലയിലായിരുന്ന റോയല്‍സിനെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹെറ്റ്മയര്‍ – ആര്. അശ്വിന് സഖ്യം ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കുകയായിരുന്നു.
സൂപ്പര്‍ ജയന്റ്സിനായി ഹോള്‍ഡറും കെ. ഗൗതവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി