ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തും. തിങ്കളാഴ്ച വെർച്വലായാണ് ഇരുവരും ചർച്ച നടത്തുക. ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം ശക്തമാക്കുന്നതിനും ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിനും വേണ്ടിയാണ് യോഗം നടത്തുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്.
റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ ഇടപാടുകൾക്കെതിരേ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സമ്മർദം വർധിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി സഹകരണം പ്രധാനമായും അവലോകനം ചെയ്യും.
ഇന്ത്യയും അമേരിക്കയും തമ്മിലുളള സാമ്പത്തിക സഹകരണം ശക്തമാക്കുക ഇരു സർക്കാരുകളും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്നിവയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. കോവിഡ്, കാലാവസ്ഥാ വ്യതിയാനം, ആഗോള സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്തൽ, അന്താരാഷ്‌ട്ര നിയമങ്ങളിൽ തടസ്സങ്ങൾ ഇല്ലാതാക്കുക, ജനാധിപത്യം, ഇന്തോ-പസഫിക് മേഖലകളുടെ വികസനം എന്നിവയെക്കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
യുക്രെയ്‌നിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളെ സംബന്ധിച്ചും അത് ആഗോള തലത്തിൽ വരുത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അമേരിക്ക കൂടുതൽ വിവരങ്ങൾ തേടും. ഇത് സംബന്ധിച്ച് നിർണായക തീരുമാനങ്ങളും ഇരു രാജ്യങ്ങളും സ്വീകരിക്കും എന്നും വിവരമുണ്ട്.
















