കറാച്ചി: പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇതോടെ സ്വതന്ത്ര്യ സമരം വീണ്ടും ആരംഭിക്കുകയാണെന്നും തങ്ങളുടെ പരമാധികാരവും ജനാധിപത്യവും സംരക്ഷിക്കുന്നത് എല്ലായ്പ്പോഴും രാജ്യത്തെ ജനങ്ങളാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
1947-ല്‍ ആണ് പാകിസ്താന് സ്വാതന്ത്രം ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണക്രമത്തിനെതിരേ വിദേശ ഗൂഢാലോചന നടന്നിരിക്കുന്നു. ജനാധിപത്യവും പരമാധികാരവും കാത്തുസൂക്ഷിക്കാന്‍ പ്രതിരോധം തീര്‍ക്കുമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.
പാകിസ്താൻ തഹ്‌രികെ ഇൻസാഫ് പാർട്ടി (പിടിഐ) നാളെ ദേശീയ അസംബ്ലിയിൽ നിന്ന് രാജിവയ്ക്കാനും തീരുമാനിച്ചു. ഭാവിയില്‍ ഏത് തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകണമെന്ന് തീരുമാനിക്കാന്‍ പാര്‍ട്ടി സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗവും ഇമ്രാന്‍ വിളിച്ചുചേര്‍ത്തു.
അതേസമയം പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫ് നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും. രാജ്യത്തിന്റെ 23ാം പ്രധാനമന്ത്രിയായാണ് ഷഹബാസ് ഷരീഫ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പാകിസ്താൻ മുസ്ലിം ലീഗിലെ നവാസ് പക്ഷത്തിന്റെ പ്രസിഡന്റാണ് ഷഹബാസ് ഷരീഫ്. ഇതുവരെ പാക് നാഷണൽ അസംബ്ലിയുടെ പ്രതിപക്ഷ നേതാവായിരുന്നു. നാളെ ഉച്ചക്കു ശേഷം 2 മണിക്കാണ് ദേശീയ അസംബ്ലി ചേരുക.
















