മുംബൈ: ഡൽഹി കാപിറ്റൽസ് ഉയര്‍ത്തിയ 216 റൺസ് എന്ന കൂറ്റൻ സ്കോറിന് മുന്നിൽ വീണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഡൽഹി ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്ക് 19.4 ഓവറിൽ 171 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
നായകൻ ശ്രേയസ് അയ്യർ(54) ശ്രമിച്ചെങ്കിലും പിന്തുണ കൊടുക്കാൻ ആളില്ലാതെ പോയി. തോറ്റെങ്കിലും അഞ്ചു മത്സരങ്ങളില്‍ നിന്ന് ആറു പോയന്റുമായി കൊല്‍ക്കത്ത തന്നെയാണ് ഒന്നാമത്.
നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഖലീല്‍ അഹമ്മദും 35 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവുമാണ് ഡല്‍ഹിക്ക് ജയമൊരുക്കിയത്. ശാര്‍ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
കൂറ്റൻ സ്കോർ പിന്തുടരുമ്പോൾ വേണ്ടിയിരുന്ന മികച്ച കൂട്ടുകെട്ടുകളൊന്നും കൊൽക്കത്തൻ നിരയിൽ പിറന്നില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. നിതിഷ് റാണ(30) വെങ്കടേഷ് അയ്യർ(18) ആൻഡ്രെ റസൽ(24) സാം ബില്ലിങ്സ്(15) എന്നിവർ വേഗത്തിൽ കൂടാരം കയറി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ഓപ്പണര്‍മാരായ പൃഥ്വി ഷായുടെയും ഡേവിഡ് വാര്‍ണറുടെയും ഇന്നിങ്സ് മികവില്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തിരുന്നു. 45 പന്തില്‍ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 61 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.
പൃഥ്വി ഷാ പുറത്തായതിന് പിന്നാലെ എത്തിയ നായകൻ റിഷബ് പന്തും അടിച്ചുകളിച്ചു. രണ്ട് വീതം സിക്സറും ഫോറും അടക്കം 14 പന്തുകളിൽ നിന്ന് 27 റൺസാണ് പന്ത് നേടിയത്. പന്തിനെ ഉമേഷ്, റസലിന്റെ കൈകളിലെത്തിച്ചു.
പിന്നാലെ എത്തിയ ലളിത് യാദവ്, റോവ് മാൻ പവൽ എന്നിൽ എളുപ്പത്തിൽ മടങ്ങിയത് ഡൽഹിയെ പ്രതിരോധത്തിലാക്കിയെങ്കിലും റൺറേറ്റ് താഴാതെ നോക്കി. അവസാന ഓവറുകളിൽ അക്സർ പട്ടേലും ഷർദുൽ താക്കൂറും ചേർന്നാണ് ടീം സ്കോർ 200 കടത്തിയത്. അക്സർ പട്ടേൽ 22 റൺസെടുത്തു. ശർദുൽ താക്കൂർ 29 റൺസും നേടി. പതിനൊന്ന് പന്തുകളിൽ നിന്ന് മൂന്ന് സിക്സറും ഒരു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ശർദുൽ താക്കൂറിന്റെ ഇന്നിങ്സ്.
കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരേയ്ൻ രണ്ട് വിക്കറ്റ് വീഴ്ത്തി.