ലോക ഹോമിയോപ്പതി ദിനാഘോഷത്തിൻ്റെയും ഡോ. സാമുവേൽ ഹാനി മാരൻ്റെ 267-ാം ജന്മദിനത്തിൻ്റെയും ഭാഗമായി ഇൻറർനാഷണൽ ഫോറം ഫോർ പ്രമോട്ടിംഗ് ഹോമിയോപ്പതി (ഐ എഫ് പി എച്ച്) ”കോവിഡാനന്തര സമൂഹത്തിൽ ഹോമിയോപ്പതിയുടെ പ്രസക്തി” എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി സംഘടിപ്പിച്ച അന്തർദ്ദേശീയ മാധ്യമ വെബിനാർ ആഹ്വാനം ചെയ്തു. ആധുനിക വൈദ്യശാസ്ത്രത്തിന് ലഭിക്കുന്ന പരിഗണനയ്ക്കൊപ്പം ബദൽ ചികിത്സാ സമ്പ്രദായങ്ങൾക്കും അർഹമായ പ്രാധാന്യം ലഭിക്കേണ്ടത് പൊതുജനാരോഗ്യസംരക്ഷണത്തിന് അനിവാര്യമാണെന്ന് ശ്രീലങ്കൻ പത്രപ്രവർത്തക ശ്രീമതി ഫ്രാൻസിസ് ബുൽത്ത് സിംഗള ഓർമ്മപ്പിച്ചു.
ഹോമിയോപ്പതി ലോകത്തിന് നൽകി വരുന്ന മൂല്യവത്തായ സംഭാവനകൾ വേണ്ടവിധം ജനങ്ങളിലെത്തുന്നില്ലെന്നും അത് കൂടുതൽ മനസ്സിലാക്കേണ്ടതും ലോകത്തെ അറിയിക്കുവാൻ ശ്രദ്ധിക്കേണ്ടതും മാധ്യമ ലോകത്തിൻ്റെ ചുമതലയാണെന്നും മെലിൽ അത് ശ്രദ്ധയോടെ നിർവ്വഹിക്കുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും ആകാശവാണി മുൻ അസിസ്റ്റൻറ് ഡയറക്ടർ ശ്രീ. ഡി. പ്രദീപ്കുമാർ അഭിപ്രായപ്പെട്ടു. ഹോമിയോപ്പതിയുടെ മികവും ശാസ്ത്രീയ വശങ്ങളും കൂടുതൽ വെളിവാക്കുന്നതിനുള്ള പരിശ്രമങ്ങൾ ഹോമിയോപ്പതി രംഗത്തു പ്രവർത്തിക്കുന്നവർ നടത്തേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയ വെബിനാർ, അതിനു വേണ്ടി ഐ എഫ് പി എച്ച് നടത്തിവരുന്ന 587 ദിവസം പിന്നിടുന്ന പ്രതിദിന വെബിനാറും സൗഖ്യ പ്രയാൺ@225 ഉം അടക്കമുള്ള പരിശ്രമങ്ങളെ പ്രശംസിച്ചു.
പാകിസ്ഥാനിൽ നിന്നുള്ള ഫൈസൽ ഡുറാനിയും ശ്രീലങ്കയിൽ നിന്നുള്ള മാധ്യമ പ്രവർത്തകർ കൃശാന്തിനിയും ലത്തീഫും മാതഭൂമി ചീഫ് സബ് എഡിറ്റർ ശ്രീജയും പങ്കെടുത്ത വെബിനാറിൽ കേരളത്തിലെ സാഹിത്യ സാംസ്കാരിക രംഗത്ത് നിന്നുള്ള വി. എസ്. അനിൽകുമാർ, കിളിരൂർ രാധാകൃഷ്ണൻ, മാധവൻ പുറച്ചേരി എന്നിവരും പങ്കെടുത്തു. ഐ എ പി എച്ച് പ്രസിഡൻറ് ഡോ. എ. ഇസ്മയിൽ സേട്ട് വെബിനാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഡോ. ഷാജി കുടിയാട്ട് വിഷയം അവതരിപ്പിച്ചു. ജോയിൻറ് സെക്രട്ടറി ഡോ. യഹ്യ പി. എ സ്വാഗതവും സ്റ്റിയറിംകമ്മിറ്റി അംഗം ഡോ. രഞ്ജീവ് പി. കെ കൃതജ്ഞതയും പറഞ്ഞു. സ്റ്റിയറിംകമ്മിറ്റി അംഗം ശ്രീ. ഫിറോസ് ഘാൻ വെബിനാർ മോഡറേറ്റ് ചെയ്തു.
















