ഡല്‍ഹി: “വിഷമിക്കേണ്ട അച്ഛാ, കാനഡ വളരെ സുരക്ഷിതമായ സ്ഥലമാണ്.. അവന്‍ എന്നോട് പറയുമായിരുന്നു”- ടൊറന്‍റോയിൽ വെടിയേറ്റ് മരിച്ച 21കാരനായ കാർത്തികിന്‍റെ പിതാവ് ജിതേഷ് വാസുദേവ് കണ്ണീരോടെ പറഞ്ഞു.
ഗാസിയാബാദ് സ്വദേശിയായ കാർത്തിക് വാസുദേവ് ഈ വര്‍ഷം ജനുവരിയിലാണ് ടൊറന്‍റോയിലേക്ക് പോയത്. അവിടെയുള്ള സെനെക കോളജിൽ മാനേജ്‌മെന്‍റ് കോഴ്‌സില്‍ ചേരുകയും . പാർട്ട് ടൈം ജോലി ചെയ്ത് വരികയായിരുന്നു. ജോലി സ്ഥലത്തേക്ക് പോകവേ വ്യാഴാഴ്ച വൈകുന്നേരമാണ് കാര്‍ത്തികിന് ഒന്നിലേറെ തവണ വെടിയേറ്റത്. ടൊറന്‍റോയിലെ സബ്‌വേ സ്റ്റേഷന്‍റെ പ്രവേശന കവാടത്തിൽ വെച്ചാണ് കാര്‍ത്തികിന് വെടിയേറ്റതെന്ന് സിറ്റി പൊലീസ് അറിയിച്ചു. കാര്‍ത്തികിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല.
മകന് വെടിയേറ്റതായി ടൊറന്‍റോ പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു. പക്ഷെ എന്താണ് സംഭവിച്ചതെന്ന വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ജിതേഷ് വാസുദേവ് പറഞ്ഞു- “എനിക്ക് എന്‍റെ മകനെ നഷ്ടപ്പെട്ടു. എനിക്ക് നീതി വേണം. എന്റെ മകന് എന്ത് സംഭവിച്ചു, ആരാണ് കൊന്നത്, എന്തായിരുന്നു കൊലയാളികളുടെ ലക്ഷ്യം എന്നെല്ലാം എനിക്ക് അറിയണം. അവൻ രണ്ട് മാസം മുന്‍പാണ് അവിടെയെത്തിയത്. ആത്മാര്‍ഥതയുള്ള കുട്ടിയായിരുന്നു. ഞാൻ ടൊറന്‍റോ പൊലീസുമായി ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ അവർ പ്രതികരിക്കുന്നില്ലെന്നും പിതാവ് കണ്ണീരോടെ പറഞ്ഞു.
















