മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗില്‍ മുംബൈ ഇന്ത്യൻസിനെതിരെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് ഏഴു വിക്കറ്റ് ജയം. മുംബൈ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഒൻപതു പന്തുകൾ ബാക്കിനിൽക്കെ ബാംഗ്ലൂർ മറികടന്നു.
ഓപ്പണർ അനുജ് റാവത്തും വിരാട് കോഹ്ലിയും ചേർന്നാണ് ബാംഗ്ലൂരിന് അനായാസ വിജയം സമ്മാനിച്ചത്. അനുജ് 47 പന്തിൽ നിന്ന് 66 റൺസുമായി ടീമിന്റെ ടോപ് സ്കോറർ ആയപ്പോൾ കോഹ്ലി 48 റൺസെടുത്തു. മുംബൈ നിരയിൽ ജയദേവ് ഉനദ്ഘട്ട് മാത്രമാണ് ഒരു വിക്കറ്റെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. സൂര്യകുമാർ യാദവിന്റെ അർധസെഞ്ചുറിയാണ് ബാറ്റിങ് തകർച്ചയിൽനിന്ന് മുംബൈയെ രക്ഷിച്ചത്. 37 പന്തുകൾ നേരിട്ട താരം 68 റൺസ് നേടി പുറത്താകാതെ നിന്നു. ആറു സിക്സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്സ്.
ക്യാപ്റ്റൻ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കം മുംബൈയ്ക്ക് നൽകിയെങ്കിലും 50 റൺസിലെത്തി നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ ടീം തകർച്ചയിലേക്ക് വീഴുകയായിരുന്നു.
സ്കോർ 50 ൽ നിന്ന് 79 ൽ എത്തുമ്പോഴേക്കും മുംബൈയ്ക്ക് 6 വിക്കറ്റുകളാണ് നഷ്ടമായത്. എന്നാൽ വിക്കറ്റുകൾ തുടർച്ചയായി വീണപ്പോഴും സൂര്യകുമാർ നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ടീമിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
അതേസമയം, മികച്ച ബൗളിങ് പ്രകടനമാണ് ബാംഗ്ലൂർ ബൗളർമാർ പുറത്തെടുത്തത്. ഹസരങ്കയും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റെടുത്തപ്പോൾ ആകാശ് ദീപ് ഒരു വിക്കറ്റെടുത്തു.