മുംബൈ: ചെന്നൈയെ 8 വിക്കറ്റിന് തോൽപ്പിച്ച് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് എട്ടു വിക്കറ്റിനാണ് ചെന്നൈയെ തകര്‍ത്തുവിട്ടത്. ചെന്നൈ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് മറികടന്നു.
അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ വിജയശില്പി. 50 പന്തുകള്‍ നേരിട്ട അഭിഷേക് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 75 റണ്‍സെടുത്തു. ക്യാപ്റ്റൻ കെയിൻ വില്യംസൺ 32 റൺസ് നേടിയപ്പോൾ രാഹുൽ ത്രിപാഠി 39 റൺസെടുത്തു.
ചെന്നൈയ്ക്കായി മുകേഷ് ചൗധരിയും ഡ്വെയ്ൻ ബ്രാവോയും ഒരു വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തിരുന്നു. 35 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 48 റണ്‍സെടുത്ത മോയിന്‍ അലിയാണ് ചെന്നൈ നിരയിലെ ടോപ് സ്കോറര്‍.
തകര്‍ച്ചയോടെയായിരുന്നു ചെന്നൈ ഇന്നിങ്സിന്റെ തുടക്കം. സ്കോർ 25 ൽ എത്തി നിൽക്കെ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.15 റൺസെടുത്ത റോബിൻ ഉത്തപ്പയെ വാഷിങ്ടൺ സുന്ദർ പവലിയനിലേക്ക് മടക്കി അയക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ മോയിൽ അലി നിലയുറപ്പിച്ച് നിന്നെങ്കിലും അതിനിടെ ഓപ്പണർ ഗെയ്ക്വാദിന്റെ വിക്കറ്റ് ചെന്നൈയ്ക്ക് നഷ്ടമായി.
പിന്നീടെത്തിയ അമ്പാടി റായിഡുവിനേയും ചേർത്ത് മോയിൻ അലി സ്കോർ ഉയർത്തിയെങ്കിലും റൺറേറ്റ് വേണ്ട രീതിയിൽ ഉയർത്താൻ സാധിച്ചില്ല. സ്കോർ 98 എത്തി നിൽക്കെ റായിഡു പുറത്തായി. പിന്നീടെത്തിയ ദുബേയ്ക്കും ധോനിക്കും സ്കോർ ബോർഡിലേക്ക് വേണ്ടത്ര സംഭാവന ചെയ്യാൻ സാധിച്ചില്ല. ക്യാപ്റ്റൻ ജഡേജ അവസാന ഓവറുകളിൽ പൊരുതിയെങ്കിലും സ്കോർ 154 എത്തിക്കാനേ സാധിച്ചുള്ളൂ.
ഹൈദരാബാദിനായി വാഷിങ്ടൺ സുന്ദറും നടരാജനും രണ്ട് വിക്കറ്റ് നേടിയപ്പോൾ ഭുവനേശ്വർ കുമാറും മാർക്കോ ജാൻസനും ഓരോ വിക്കറ്റ് നേടി.