കുവൈത്ത് സിറ്റി: കുവൈത്ത് വീണ്ടും ലബനാനിൽ അംബാസഡറെ നിയമിച്ചു. സൗദിയെയും യു.എ.ഇയെയും കുറിച്ച് ലബനാൻ ഇൻഫർമേഷൻ മന്ത്രി നടത്തിയ പരാമർശങ്ങളെ അപലപിക്കുന്നതിൽ ലബനാൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് നേരത്തേ കുവൈത്ത് ലബനാനിലെ അംബാസഡറെ തിരിച്ചുവിളിച്ചത്.
കുവൈത്തിലെ ലബനാൻ സ്ഥാനപതിയോട് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. ലബനാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കപ്പെട്ട സാഹചര്യത്തിലാണ് ബന്ധം പൂർവ സ്ഥിതിയിലാക്കാൻ കുവൈത്ത് സന്നദ്ധമായത്.
സൗദിയും യു.എ.ഇയും ബന്ധം പൂർവസ്ഥിതിയിലാക്കിയിട്ടുണ്ട്. സൗദിക്കും യു.എ.ഇക്കും എതിരെ വിവാദ പ്രസ്താവന നടത്തിയ ലബനീസ് വാർത്താവിതരണ മന്ത്രി മന്ത്രി ജോർജ് കൊർദാഹി രാജിവെച്ചതോടെയാണ് ഗൾഫ് രാജ്യങ്ങളും ലബനാനും തമ്മിലുള്ള പ്രശ്നങ്ങളിൽ മഞ്ഞുരുക്കമുണ്ടായത്.
പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായും അറബ് കൂട്ടായ്മയിലെ സഹോദര രാജ്യമായി ലബനാൻ എന്നുമുണ്ടാകുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.