സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് തങ്ങളുടെ കാറുകൾ തിരിച്ചു വിളിച്ച് ടെസ്‌ല. ചൈനയില്‍ 1.28 ലക്ഷം കാറുകള്‍ തിരിച്ചു വിളിച്ച് പരിശോധിക്കാനൊരുങ്ങുകയാണ് ടെസ്‌ല. . റിയര്‍ മോട്ടര്‍ ഇന്‍വേര്‍ട്ടറിലെ തകരാര്‍ സംബന്ധിച്ച സംശയമാണ് കാറുകൾ തിരികെ വിളിക്കാനുള്ള കാരണം. തദ്ദേശീയമായി നിര്‍മിച്ച 93578 കാറുകളും ഇറക്കുമതി ചെയ്ത 34207 കാറുകളുമടക്കം 127785 മോഡല്‍ 3 കാറുകൾ തിരിച്ചുവിളിച്ചാണ് ടെസ്ല പരിശോധന നടത്താൻ പോകുന്നത്. മോട്ടര്‍ കണ്‍ട്രോള്‍ സോഫ്റ്റ്‌വയറില്‍ അപ്ഡേഷന്‍ നടത്തിയാകും ഈ തകരാര്‍ പരിഹരിക്കുക
2019 ജനുവരി 11 മുതല്‍ 2022 ജനുവരി 25 വരെ നിര്‍മിച്ച വാഹനങ്ങളിലാണ് തകരാര്‍ പ്രശ്നങ്ങളുള്ളതായി സംശയിക്കുന്നത്. റിയര്‍ മോട്ടര്‍ ഇന്‍വേര്‍ട്ടറിലെ തകരാര്‍ മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍ പെടാന്‍ സാധ്യതയുണ്ടെന്നാണ് ടെസ്‌ല ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതുകൊണ്ടു തന്നെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ വീണ്ടും സ്റ്റാര്‍ട്ടാകാന്‍ ബുദ്ധിമുട്ട് നേരിടുകയും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവിങ് പവര്‍ നഷ്ടമാകാനും ഇടയാക്കും. തിരിച്ചു വിളിക്കുന്ന വാഹനങ്ങളിലെ തകരാര്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നാണ് ടെസ്‌ല അറിയിച്ചിരിക്കുന്നത്.
ഡിസംബറില്‍ ട്രങ്ക് ഡിഫക്റ്റ് കണ്ടെത്തിയതിന് പിന്നാലെ ഏകദേശം 2 ലക്ഷം വാഹനങ്ങള്‍ ടെസ്‌ല തിരിച്ചു വിളിച്ചിരുന്നു. അമേരിക്ക കഴിഞ്ഞാല്‍ ടെസ്‌ലയുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ചൈന .