കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ വിപണിയിൽ വിദേശി സാന്നിധ്യത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വൻ കുറവുണ്ടായതായി റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് 1,34,000ത്തിലധികം പേരുടെ കുറവാണ് 2021ൽ രേഖപ്പെടുത്തിയത്. കൊഴിഞ്ഞുപോകുന്നവരിൽ ഇന്ത്യക്കാരും ഈജിപ്തുകാരുമാണ് കൂടുതൽ. 2020 ഡിസംബറിൽ രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം 1.58 ദശലക്ഷം ആയിരുന്നത് 2021ൽ 1.45 ദശലക്ഷമായാണ് കുറഞ്ഞത്.
കൊഴിഞ്ഞുപോക്കിന്റെ 70 ശതമാനം ഇന്ത്യയിലേക്കും ഈജിപ്തിലേക്കുമാണെന്നും സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. തൊഴിലാളികളുടെ രാജ്യം അടിസ്ഥാനമാക്കിയുള്ള എണ്ണത്തിൽ ഈജിപ്ത് ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തും കുവൈത്ത് മൂന്നാമതുമാണ്. 4,51,000 ഈജിപ്തുകാരാണ് കുവൈത്തിൽ തൊഴിലെടുക്കുന്നത്. മൊത്തം തൊഴിൽശേഷിയുടെ 24 ശതമാനമാണിത്. 4,31,000വുമായി രണ്ടാം സ്ഥാനത്തുണ്ട് ഇന്ത്യൻ തൊഴിലാളി സമൂഹം.
തൊട്ടുപിറകിൽ 4,30,000 സ്വദേശികളുമായി കുവൈത്തുമുണ്ട്. പാകിസ്താൻ, ഫിലിപ്പീൻസ് എന്നീ രാജ്യക്കാരാണ് തുടർന്നുവരുന്നത്. 2020 വരെ ഇന്ത്യക്കാരായിരുന്നു കുവൈത്തിലെ ഏറ്റവും വലിയ തൊഴിലാളി സമൂഹം. എന്നാൽ, കോവിഡിന് ശേഷമുള്ള കണക്കെടുത്താൽ നിരവധി ഇന്ത്യക്കാർ പ്രവാസം അവസാനിപ്പിക്കുകയോ കുവൈത്തിൽനിന്ന് മറ്റു നാടുകളിലേക്ക് മാറുകയോ ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.