ദോഹ: കോവിഡ് ഭീതി അകലുകയും നിയന്ത്രണങ്ങളിൽ ഇളവുവരുകയും ചെയ്തതോടെ ഖത്തറിൽനിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായതായി റിപ്പോർട്ട്. കോവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന തലത്തിലേക്ക് തീർഥാടകരുടെ എണ്ണമെത്തിയതായി ട്രാവൽ മേഖലയിൽനിന്നുള്ളവർ പറയുന്നു.
ഖത്തറിൽനിന്നും സൗദിയിലേക്കുള്ള യാത്രക്കാർക്ക് വാക്സിനേഷൻ രേഖകൾ സമർപ്പിക്കേണ്ടതില്ലെന്നതും യാത്രക്ക് മുമ്പായി പി.സി.ആർ ടെസ്റ്റ് പരിശോധനയും നിർബന്ധിത ക്വാറൻറീനും ഒഴിവാക്കിയതും തീർഥാടകരുടെ എണ്ണം വർധിക്കുന്നതിൽ നിർണായക ഘടകമാണ്.
കോവിഡ് മഹാമാരിയിൽനിന്ന് മുക്തിനേടി ജനങ്ങൾ പൂർവസ്ഥിതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സമയമാണിതെന്നും രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കാൻ ജനം ഏറെ തൽപരരായതായും ഖത്തറിലെ ഹാപ്പി ജേർണി ട്രാവൽസ് ഓപറേഷൻ മാനേജർ ഇർഫാൻ ഉമർ പ്രാദേശിക പത്രത്തോട് പറഞ്ഞു. കൂടുതൽ പേരും ഉംറക്കായി മക്ക തിരഞ്ഞെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാർക്ക് എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയത് സൗദി അറേബ്യ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. വിമാന സർവിസുകളുടെ എണ്ണം ഖത്തർ എയർവേസ് അധികരിപ്പിച്ചതായും ഇർഫാൻ ഉമർ കൂട്ടിച്ചേർത്തു.