ഡൽഹി: കെ റെയിൽ പദ്ധതിക്ക് അന്തിമാനുമതി നല്‍കിയിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ്. സാമ്പത്തിക പ്രായോഗികത കൂടി പരിശോധിച്ച് മാത്രമേ അനുമതി നല്‍കൂവെന്നും റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. ഡിപിആറിലെ അവ്യക്തത ചോദ്യം ചെയ്ത് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പട്ട രേഖകള്‍ കെ റെയില്‍ ഇനിയും നൽകിയിട്ടില്ല.
കെ റെയിൽ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ റെയില്‍വേ ബോര്‍ഡിന് മുന്പിലുള്ളത് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ്. അലൈന്മെന്റ് പ്ലാന്‍ എവിടെ?, പദ്ധതിക്ക് വേണ്ട റയില്‍വേ ഭൂമിയെത്ര, സ്വകാര്യ ഭൂമിയെത്ര, നിലവിലെ റയില്‍വേ ശൃംഖലയില്‍ എവിടെയൊക്കെ സില്‍വര്‍ ലൈന്‍ പാത മുറിച്ചു കടക്കുന്നു. ഡപിആറുമായി ബന്ധപ്പെട്ട് റയില്‍ ബോര്‍ഡ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കെ റെയില്‍ ഇനിയും മറുപടി നല്‍കിയിട്ടില്ല.
തത്വത്തില്‍ ഉള്ള അനുമതി മാത്രമേ പദ്ധതിക്കുള്ളൂവെന്നും റെയില്‍വേ ബോര്‍ഡ് ചെയര്മാന് വിനയ് കുമാര്‍ ത്രിപാഠി കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് കഴിഞ്ഞ നാലിന് നല്കിയ മറുപടിയില്‍ പറയുന്നു.