തിരുവനന്തപുരം: പെട്രോ കെമിക്കല്‍ രംഗത്ത് കേരളത്തിന്റെ കുതിപ്പ് സാധ്യമാക്കുന്ന 1200 കോടി രൂപയുടെ പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണം ഏപ്രില്‍ 11ന് ആരംഭിക്കും.
പദ്ധതിക്കായി 481.79 ഏക്കര്‍ ഭൂമി ഫാക്ടില്‍ നിന്നും വാങ്ങുകയും പാര്‍ക്കിന്റെ മാസ്റ്റര്‍ പ്ലാനും, ഡി.പി.ആറും തയ്യാറാക്കുകയും ചെയ്തു. കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കാനൊരുങ്ങുന്ന പദ്ധതിയുടെ ആങ്കര്‍ ഇന്‍വെസ്റ്റര്‍ ബിപിസിഎല്‍ ആണ്. പാര്‍ക്കില്‍ ബിപിസിഎലിന്റെ വികസനത്തിനായി 170 ഏക്കര്‍ ഭൂമി കിന്‍ഫ്ര അനുവദിച്ചിട്ടുണ്ട്. പെട്രോ കെമിക്കല്‍ അനുബന്ധ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി പാര്‍ക്കിലെ 35 വരാനിരിക്കുന്ന നിക്ഷേപകര്‍ക്ക് ഏകദേശം 70 ഏക്കര്‍ ഭൂമിയും അനുവദിച്ചിട്ടുണ്ട്.
പെട്രോകെമിക്കല്‍ പാര്‍ക്കിന്റെ നിര്‍ദ്ദിഷ്ട വികസന പ്രവര്‍ത്തനങ്ങള്‍ രണ്ട് ഘട്ടങ്ങളിലായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 30 മാസത്തിനുള്ളില്‍ മുഴുവന്‍ പദ്ധതിയും പൂര്‍ത്തിയാക്കും. 10,000 കോടി രൂപയുടെ നിക്ഷേപവും 11,000 തൊഴില്‍ അവസരങ്ങളും ഈ ബൃഹത്ത് പദ്ധതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നു. സമീപഭാവിയില്‍ തന്നെ കേരളത്തിന്റെ വ്യാവസായിക മേഖലയില്‍ വലിയ ഉത്തേജനം ഈ പാര്‍ക്ക് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.