മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരവും ജയിച്ച് ഗുജറാത്ത് ടൈറ്റൻസ്. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഒടുവിലത്തെ രണ്ടു പന്തുകൾ സിക്സർ പായിച്ച് രാഹുൽ തെവാട്ടിയയാണു ഗുജറാത്തിനു വിജയം സമ്മാനിച്ചത്.
ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ അർധസെഞ്ചുറിയും (59 പന്തിൽ 96) ഗുജറാത്ത് വിജയത്തിൽ നിർണായകമായി. പഞ്ചാബ് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ 20– ാം ഓവറിലെ അവസാന പന്തിൽ ഗുജറാത്ത് മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തില്‍ 189 റൺസെടുത്തു. സീസണിലെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചുറി നേടിയ ലിയാം ലിവിങ്സ്റ്റണിന്റെ കരുത്തിലായിരുന്നു പഞ്ചാബിന്റെ മുന്നേറ്റം. 27 പന്തിൽ 64 റൺസെടുത്താണു ലിവിങ്സ്റ്റണ് പുറത്തായത്. നാല് സിക്സും ഏഴു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
21 പന്തുകളിൽ നിന്ന് ലിവിങ്സ്റ്റൺ അർധസെഞ്ചുറി തികച്ചു. ഐപിഎൽ 2022 സീസണിലെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറിയാണിത്. 30 പന്തിൽ 35 റൺസുമായി ഓപ്പണർ ശിഖർ ധവാനും പഞ്ചാബിനായി തിളങ്ങി.
ഗുജറാത്തിനായി റാഷിദ് ഖാൻ മൂന്നു വിക്കറ്റ് വീഴ്ത്തി. ദർശൻ നല്‍കണ്ടെ രണ്ടു വിക്കറ്റും മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി.